വയനാട്: വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ എല്‍പി സ്‌കൂള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് മേജര്‍ രവി. ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. വിശ്വശാന്തി ഫൗണ്ടേഷന്‍ വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളുടെ പുനരധിവാസ പദ്ധതിക്കായി 3 കോടി നല്‍കുമെന്ന ലഫ്. കേണല്‍ മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മേജര്‍ രവിയുടെ പ്രഖ്യാപനം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കുകയായിരുന്നു ഇരുവരും.
മുണ്ടക്കൈ മേഖല സന്ദര്‍ശിക്കവെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്‌കൂള്‍ കണ്ട് മോഹന്‍ലാലിന്റെ കണ്ണ് നിറയുന്നത് കാണാന്‍ ഇടയായെന്നും മുണ്ടക്കൈ എല്‍പി സ്‌കൂളിന്റെ പുനരുദ്ധാരണവും വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്നുവെന്നും മേജര്‍ രവി പറഞ്ഞു. വളരെയധികം മനുഷ്യ സ്നേഹികളായ വ്യക്തികള്‍ വിശ്വശാന്തി ഫൗണ്ടേഷനിലുണ്ട്. ഫൗണ്ടേഷന്‍ നല്‍കുന്ന 3 കോടിയില്‍ അവരുടെയെല്ലാം സംഭാവനകളുമുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് മോഹന്‍ലാലും മേജര്‍ രവിയും വയനാട്ടിലെത്തിയത്. ടെറിറ്റോറിയല്‍ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ദുരന്തമുഖത്തേക്കുള്ള സന്ദര്‍ശനം. വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം സംഭാവന നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെങ്കില്‍, ഫൗണ്ടേഷന്‍ അത് നല്‍കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി