സാമ്പത്തിക തിരിമറി: പി കെ ശശി ഇന്ന് രാജിവെക്കും, കെടിഡിസി ചെയർമാൻ സ്ഥാനവും നഷ്ടമാകും, ഔദ്യോഗിക വാഹനവും കൈമാറും


പാലക്കാട്: ഗുരുതര കണ്ടെത്തലുകള്‍ക്കും പാർട്ടി അച്ചടക്ക നടപടിക്കും പിന്നാലെ കെടിഡിസി ചെയര്‍മാൻ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും. രാജികത്ത് വൈകീട്ടോടെ കൈമാറും. ഔദ്യോഗിക വാഹനവും കൈമാറും. പി കെ ശശിക്കെതിരെ സിപിഐഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.

കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പി കെ ശശിയെ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമാകും ശശിക്ക് ഉണ്ടാകുക.

പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.ഇനി ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനിരിക്കെ അടിമുടി ശുദ്ധീകരണം വേണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് നേതാവിനെതിരെ അച്ചടക്ക നടപടി.

ഇത് മൂന്നാം തവണയാണ് ശശിക്കെതിരേ പാര്‍ട്ടിനടപടി വരുന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് നീക്കിയത്. നേരിടേണ്ടി വരുന്നത് ഇനി തരംതാഴ്ത്തല്‍ നടപടിയാകും. ശശിക്കെതിരെ ലൈംഗികാപവാദം ഉയര്‍ന്നപ്പോള്‍ തീവ്രത കുറഞ്ഞ ലൈംഗികാരോപണമാണ് ഉയര്‍ന്നത് എന്ന് പറഞ്ഞ് പാര്‍ട്ടി തന്നെ സംരക്ഷിച്ച നേതാവിനെയാണ് പാലക്കാട്ടെ അതിരൂക്ഷമായ വിഭാഗീയതയില്‍ സിപിഎം തള്ളിക്കളയുന്നത്.