ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിത(37)യെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തില്‍ ഷിതയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
ബുധനാഴ്ചയാണ് ഷിതയെ പൊള്ളലേറ്റ നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെയാണ് മരിച്ചത്. ഷിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുകയാണ്. പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഇവരുടെ കുടുംബത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളുമില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് സംഭവം നടന്നിരിക്കുന്നതെന്നും അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഷിതയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)