ബിഗ്‌ബോസ് താരം ‘പരീക്കുട്ടി’ പിടിയിലായത് എംഡിഎംഎയും കഞ്ചാവുമായി, വണ്ടിയിൽ പിറ്റ്ബുൾ 



എക്‌സൈസ് വാഹന പരിശോധനയിൽ ആണ് എംഡിഎംഎയും കഞ്ചാവുമായി സിനിമ- ബിഗ് ബോസ് താരവും സുഹൃത്തും പിടിയിലായത്. മിനി സ്ക്രീൻ, ചലച്ചിത്ര താരവും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി എസ് ഫരീദ്ദുദീൻ (31) ഇയാളുടെ സുഹൃത്തായ വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരാണ് മൂലമറ്റം എക്സൈസ് സംഘത്തിൻറെ പിടിയിലായത്.

ഇവരില്‍നിന്ന് 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു. ലഹരിമരുന്നുമായി നടന്‍ പരീക്കുട്ടിയും ജിസ്‌മോനും യാത്രചെയ്ത കാറില്‍ പിറ്റ്ബുള്‍ ഇനത്തിലുള്ള നായയും ഇതിന്റെ കുഞ്ഞും ഉണ്ടായിരുന്നു. പിറ്റ്ബുള്‍ നായ വാഹനത്തിലുണ്ടായിരുന്നതിനാല്‍ ഏറെ സാഹസികമായാണ് എക്‌സൈസ് സംഘത്തിന് ഇവരെ പിടികൂടാനായത്. പിന്നീട് കാറും കസ്റ്റഡിയിലെടുത്തു. മൂലമറ്റം എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.അഭിലാഷ്, അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ സാവിച്ചന്‍ മാത്യു, അനുരാജ്, വി.ആര്‍.രാജേഷ്, എ.ഐ.സുബൈര്‍, ചാള്‍സ് എഡ്വിന്‍, എന്‍.ടി.ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

‘പരീക്കുട്ടി പെരുമ്പാവൂര്‍’ എന്ന പേരിലാണ് നടനും ഗായകനുമായ പരീക്കുട്ടി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ടിക് ടോകില്‍ പാട്ടുകള്‍ പാടിയാണ് പരീക്കുട്ടി ശ്രദ്ധനേടിയത്. പിന്നീട് ഒമര്‍ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമ ഹിറ്റായതോടെ പരീക്കുട്ടി മുത്തലിബ് എന്ന കഥാപാത്രവും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടി. ഒമര്‍ലുലുവിന്റെ തന്നെ മറ്റൊരു ചിത്രമായ ‘അഡാര്‍ ലൗ’വിലും പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ‘പട്ടിക്കാട് ഫിറോസ്’ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ പരീക്കുട്ടി അവതരിപ്പിച്ചത്. മലയാളം റിയാലിറ്റി ഷോയായ ‘ബിഗ് ബോസി’ലെ മത്സരാര്‍ഥിയായിരുന്നു. ഗാനമേളകളിലും സജീവമായിരുന്നു.