നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി : ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം നൽകരുതെന്ന് ഭാര്യ
കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും സിബിഐയോടും നിലപാട് തേടി.
കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അറിയിച്ചു. കൂടാതെ എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് സംശയിക്കുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. പ്രതി അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് കുടുംബം ആശങ്കപ്പെടുന്നതെന്ന് കോടതി ചോദിച്ചു.
അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദമായ വാദം ഡിസംബർ ഒമ്പതിന് കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം ഹർജിയിൽ തീരുമാനമാകും വരെ കുറ്റപത്രം നൽകരുതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
കുറ്റപത്രത്തിൽ കെട്ടിച്ചമച്ച തെളിവുകൾ ആയിരിക്കും വരികയെന്നും ഹർജിക്കാരി പറഞ്ഞു. കൂടാതെ പ്രതി പി പി ദിവ്യ സിപിഎമ്മിന്റെ സജീവ പ്രവർത്തകയാണ്. രാഷ്‌ട്രീയ സ്വാധീനമുള്ളയാളാണ്. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമായിരുന്നുവെന്നും എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കോടതിയിൽ പറഞ്ഞു.
പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നറിയിച്ച് കഴിഞ്ഞ ദിവസമാണ് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷിക്കണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം.