സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്തും


തിരുവനന്തപുരം : രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്തും.

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് മര്‍ദ്ദന മേല്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡി എം ഒക്ക് ഇന്ന് കത്ത് നല്‍കും.

കുഞ്ഞുങ്ങളെ കൗണ്‍സലിംഗിനും വിധേയരാക്കും. പ്രത്യേക സംഘത്തില്‍ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും. കൗണ്‍സലിംഗില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനവിവരം പുറത്ത് വന്നാല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം.

കൃത്യമായ ഇടവേളയില്‍ മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലുള്ള അഭയകേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്ന രീതികള്‍ ശാസ്ത്രീയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്.