61കാരിയുടെ എക്സ്റേ റിപ്പോർട്ട് യുവതിക്ക് നൽകി, മെഡിക്കൽ കോളജിൽ അനാമികയ്ക്ക് നൽകിയത് മറ്റൊരു മരുന്ന്, പരാതി
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് പരാതി. 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരുന്ന് നൽകി എന്നാണ് പരാതി. തിരക്കിനിടയിൽ എക്സ്-റേ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കളമശ്ശേരി സ്വദേശി അനാമിക പറഞ്ഞു. ചികിത്സിച്ച ഡോക്ടർക്കും, എക്സ്-റേ വിഭാഗത്തിനെതിരെയാണ് അനാമിക പരാതി നൽകിയത്.
വീട്ടിൽ ചെന്ന് എക്സറേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്സറെ റിപ്പോർട്ട് അല്ല എന്ന് മനസ്സിലായത്. നടുവേദനയും കാലുവേദനയും കാരണമാണ് അനാമിക ആശുപത്രിയിൽ എത്തിയത്. എക്സ്-റേ റിപ്പോർട്ടിൽ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അനാമിക പറഞ്ഞു.
രണ്ട് ആഴ്ച ബെഡ് റെസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞൈന്നും യുവതി പറഞ്ഞു. മൂന്ന് മരുന്നുകളാണ് ഡോക്ടർ നൽകിയത്. എക്‌സ്‌റേയിൽ പേര് കാണിച്ചിരിക്കുന്നത് ലതികയെന്നും പുറത്തെ കവറിൽ അനാമിക എന്നുമാണ് പേര് നൽകിയിരിക്കുന്നതെന്ന് യുവതി പറയുന്നു.സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകി. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.