കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന.
ഷുഹൈബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്ക് അയക്കും. എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ്.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയിട്ടുണ്ടോന്നെ കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.