വിജനമായ സ്ഥലത്ത് താഴ്ചയിൽ കത്തിയ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം : മരിച്ചത് ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്


കൊല്ലം : വിജനമായ സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ട കാറില്‍ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്സിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

റബര്‍ മരങ്ങള്‍ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാര്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് രാവിലെ കാര്‍ കാണുന്നത്. കാര്‍ ആരുടേതാണെന്നും സംഭവിച്ചതെന്താണെന്നുമുള്ള കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ആളെ തിരിച്ചറഞ്ഞത്.

കാറിന്റെ നമ്പര്‍ പ്ലേറ്റടക്കം കത്തി നശിച്ചിരുന്നു. ലെനീഷ് വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. കാര്‍ അബദ്ധത്തില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആത്മഹത്യാ സാധ്യതയും പോലീസ് പരിശോധിക്കുന്നു. അധികം വീടുകളോ ആളുകളോ ഇല്ലാത്ത പ്രദേശത്തുണ്ടായ അപകടത്തിന്റെ ശബ്ദം കേട്ടുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്.