സെയ്ഫ് അലിഖാനെ ആക്രമിച്ച വ്യക്തി താനെയിൽ നിന്ന് പിടിയിൽ
മുംബൈ: സെയ്ഫ് അലിഖാനെ ആക്രമിച്ച വ്യക്തിയെന്ന് സംശയിക്കുന്ന വിജയ് ദാസിനെ താനെയിൽ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വിജയ് ദാസെന്ന പേര് വ്യാജമാണെന്നും മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നാണ് ഇയാളുടെ യഥാർത്ഥ പേരെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ വ്യക്തി ബംഗ്ലാദേശ് സ്വദേശിയാണെന്നും പൊലീസ് സംശയിക്കുന്നു. ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്.
പ്രതി ഇപ്പോൾ ഖാർ പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലാണ്. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇലിയാസ് തുടങ്ങിയ ഒന്നിലധികം പേരുകൾ പ്രതി ഉപയോഗിച്ചിരുന്നതായും ഇയാൾ ഒരു റെസ്റ്റോറൻ്റിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നുവെന്നും മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നടൻ്റെ വീട്ടിൽ കയറി കുറ്റം ചെയ്തതായി മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് എന്ന അക്രമി സമ്മതിച്ചു.
പ്രതിയെ ഇന്ന് ബാന്ദ്ര ഹോളിഡേ കോടതിയിൽ ഹാജരാക്കും. പ്രതിയെ ഹിരനന്ദാനി എസ്റ്റേറ്റിലെ ഒരു നിർമാണ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. അവിടെ ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയുടെ കൈവശമുള്ള രേഖകൾ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം ബംഗ്ലാദേശിൽ നിന്നുള്ള തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുമുണ്ട്.
‘ഇയാളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ അദ്ദേഹം ബംഗ്ലാദേശി പൗരനാണെന്നും അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നുമാണ് സൂചിപ്പിക്കുന്നത്. പ്രതി അഞ്ച്-ആറ് മാസം മുമ്പ് ഇന്ത്യയിൽ എത്തി പിന്നീട് മുംബൈയിലേക്കെത്തി,’ പൊലീസ് പറഞ്ഞു.
ക്രൂരമായ ആക്രമണം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന കരീന കപൂറിൻ്റെ മൊഴി വെള്ളിയാഴ്ച ഒരു സംഘം പൊലീസ് രേഖപ്പെടുത്തി. ആക്രമണം നടന്നപ്പോൾ കുട്ടികളെയും സ്ത്രീകളെയും 12-ാം നിലയിലേക്ക് അയച്ചുവെന്നും തങ്ങളെ രക്ഷിക്കാൻ സെയ്ഫ് ശ്രമിച്ചുവെന്ന് കരീന തൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
‘സെയ്ഫ് ഇടപെട്ടതോടെ അക്രമിക്ക് ജഹാംഗീറിന് അടുത്തേക്ക് എത്താനായില്ല. അക്രമി വീട്ടിൽ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ല. അവൻ സെയ്ഫിനെ പലതവണ ആക്രമിച്ചു, ആക്രമണത്തിന് ശേഷം ഞാൻ ഭയന്നു, അതിനാൽ കരിഷ്മ എന്നെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി,’ നടി പറഞ്ഞു.
ജനുവരി 17 നാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണശ്രമത്തിനിടെ ഒരാൾ നടനെ ആക്രമിച്ചത്. 54 കാരനായ നടന് തൻ്റെ വീട്ടിൽ നടന്ന ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിന് സമീപവും ഉൾപ്പെടെ ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. ഉടൻ തന്നെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച സെയ്‌ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ അദ്ദേഹം അപകടനില തരണം ചെയ്തു.
Content Highlight: Saif Ali Khan’s attacker arrested, evidence suggests he’s Bangladeshi: Cops