യു.പിയില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം; ടെന്റുകള്‍ കത്തി നശിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാ കുംഭമേളയ്ക്കിടെ തീപ്പിടുത്തം. സെക്ടര്‍ പത്തൊമ്പതിലാണ് ആദ്യം തീപ്പടര്‍ന്നത്. തീപ്പിടുത്തത്തില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ വന്നവര്‍ സ്ഥാപിച്ച ടെന്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
തീ നിയന്ത്രണ വിധേയമായതായും റിപ്പോര്‍ട്ടുകളുണ്ട്. യു.പി പൊലീസും അഗ്നിശമന സേനാംഗങ്ങളും എന്‍.ഡി.ആര്.എഫും സംയുക്തമായി ചേര്‍ന്നാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. സെക്ടര്‍ പത്തൊമ്പതില് ശാസ്ത്രി ഭാഗത്തിനും റെയില്‍വെ ഭാഗത്തിനും ഇടയിലാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണത്തില്‍ പറയുന്നത്.
ടെന്റുകള്‍ക്കുള്ളില്‍ കുംഭമേളയ്ക്കെത്തിയവര്‍ ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചിരുന്നു. ഇവ തീപ്പിടുത്തത്തിനിടയില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. പ്രദേശത്ത് നിന്ന് തീര്‍ത്ഥാടകരെ ഒഴിപ്പിച്ചിട്ടുണ്ട്. തീക്കെടുത്താന്‍ ശ്രമിച്ചവരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ തീപ്പിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് ആണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്നും നിലവില്‍ തീയണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും അധികൃതര്‍ പറഞ്ഞു.
മഹാകുംഭമേളയിലുണ്ടായ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
12 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭമേള നടക്കുന്നത്, 45 കോടിയിലധികം ഭക്തര്‍ ഈ പരിപാടിക്കായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാകുംഭ മേളയില്‍, ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ സംഗമത്തില്‍ പുണ്യസ്നാനം നടത്താന്‍ ഭക്തര്‍ ഒത്തുകൂടും. ഫെബ്രുവരി 26നാണ് മഹാകുംഭ മേള സമാപിക്കുന്നത്.
ജനുവരി 18ലെ കണക്കനുസരിച്ച് 77.2 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ 2025ലെ മഹാ കുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തില്‍ മുങ്ങിയതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Content Highlight: Fire breaks out during Maha Kumbh Mela in UP; The tents were burnt down