World News
മൂന്ന് ബന്ദികളെ ഇസ്രഈലിന് കൈമാറി; ഫലസ്തീന്‍ തടവുകാരെ കാത്ത് കുടുംബങ്ങള്‍
ഗസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മൂന്ന് ബന്ദികളെ ഇസ്രഈലിന് കൈമാറി. റോമി ഗോനെന്‍ (24), എമിലി ദമാരി (28), ഡോറണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ (31) എന്നിവരെയാണ് കൈമാറിയത്. റെഡ്‌ക്രോസാണ് മൂവരെയും ഇസ്രഈല്‍ സൈന്യത്തിന് കൈമാറിയത്.
യുവതികളെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. എന്നാല്‍ മൂവരും പൂര്‍ണ ആരോഗ്യവതികളാണെന്ന് റെഡ്‌ക്രോസ് അറിയിച്ചിട്ടുണ്ട്. മൂന്ന് വനിതകളെയും കൈമാറാനെത്തിയത് ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡാണ്. ബന്ദികളെ അല്‍ ഖസാം ബ്രിഗേഡ് അംഗങ്ങള്‍ കൈമാറ്റം നടക്കുന്ന സരായ സ്‌ക്വയറില്‍ കാറില്‍ എത്തിച്ചപ്പോള്‍ കരഘോഷങ്ങള്‍ മുഴക്കിയാണ് ഗസ നിവാസികള്‍ വരവേറ്റത്.
തുടര്‍ന്ന് ജനക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഇവര്‍ റെഡ്‌ക്രോസിന്റെ വാഹനത്തിലേക്ക് കറി. ബന്ദികളുടെ കൈമാറ്റം നടന്നതായി ഹമാസും റെഡ്‌ക്രോസും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിട്ടുണ്ട്. ഇവയുടെ ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ഇസ്രഈലില്‍ ബന്ദിയാക്കപ്പെട്ട ഫലസ്തീന്‍ തടവുകരുടെ മോചനം ഇതുവരെ നടന്നിട്ടില്ല. 90 തടവുകാരെ മോചിപ്പിക്കാന്‍ ഫലസ്തീനികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മോചിപ്പിക്കപ്പെടുന്ന ഫലസ്തീനികളുടെ ലിസ്റ്റില്‍ റാമല്ലയുടെ പടിഞ്ഞാറുള്ള ഓഫര്‍ ജയിലില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമാണുള്ളതെന്നാണ് പ്രാഥമിക നിഗമനം.
തടവുകാരുടെ കൈമാറ്റ കരാറിന്റെ ആദ്യ ഘട്ടത്തില്‍, ഓരോ ഇസ്രഈലി ബന്ദിക്കും പകരമായി 30 ഫലസ്തീന്‍ സ്ത്രീകളേയും കുട്ടികളേയും കൈമാറും. ഇന്ന് മോചിപ്പിക്കപ്പെടുന്ന 90 ഫലസ്തീന്‍ തടവുകാരുടെ പേരുകള്‍ ഇസ്രഈല്‍ പ്രിസണ്‍ സര്‍വീസിന് (ഐ.പി.എസ്) ലഭിച്ചതായി ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 78 പേര്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ളവരും 12 പേര്‍ ജറുസലേമില്‍ നിന്നുള്ളവരുമാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എന്നിരുന്നാലും, ഞായറാഴ്ചത്തെ റിലീസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി) യുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളായ ഖാലിദ ജരാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനിയന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശപ്രവര്‍ത്തകയും അഭിഭാഷകയുമായ ജരാര്‍ 2023 ഡിസംബര്‍ മുതല്‍ ഇസ്രഈലി തടങ്കലിലാണ്. അതേസമയം ഫല്‌സ്തീന്‍ തടവുകാരെ കൈമാറ്റം ചെയ്യുമ്പോള്‍ ആഘോഷ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ഇസ്രഈല്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജയിലിന് പുറത്ത് ജനങ്ങള്‍ ഒത്തുകൂടുന്നത് തടയാന്‍ ഇസ്രഈല്‍ സൈന്യം കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജയിലിന് സമീപം കൂട്ടംകൂടുകയോ ഇവരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് സമീപം പോവുകയോ ചെയ്യരുതെന്ന് ഇസ്രഈല്‍ സൈന്യം ഫലസ്തീനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആഘോഷത്തിന്റെ ഭാഗമായി ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തരുതെന്ന് കുടുംബങ്ങള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. അത്തരം കാര്യങ്ങള്‍ ചെയ്താല്‍ റിലീസ് റദ്ദാക്കുമെന്ന് സൈന്യം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കില്ലെന്ന് ഇസ്രഈല്‍ നിലപാട് എടുത്തതോടെ വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്ത്വം നിലനിന്നിരുന്നു. ഇതോടെ കരാര്‍ നിലവില്‍ വരുന്നത് ഏകദേശം രണ്ട് മണിക്കൂര്‍ വൈകി. തുടര്‍ന്ന് കൈമാറ്റം ചെയ്യുന്ന മൂന്ന് ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്.വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെ മധ്യസ്ഥരായ ഖത്തര്‍ മുഖേനയാണ് ഇന്ന് മോചിപ്പിക്കുന്ന മൂന്ന് പേരുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടത്
ബന്ദികളുടെ കൈമാറ്റം സാധ്യമായതോടെ ഗസ അതിര്‍ത്തിയില്‍ തടഞ്ഞുവെക്കപ്പെട്ട ഭക്ഷണവും മരുന്നുകളുമുള്ള ട്രക്കുകള്‍ ഗസയിലേക്ക് കടത്തിവിടും. ഐക്യരാഷ്ട്ര സംഘടനയുടെ 4000ത്തില്‍ അധികം ട്രക്കുകളാണ് ഗസ അതിര്‍ത്തിക്ക് സമീപം കാത്ത് നില്‍ക്കുന്നത്. തുടര്‍ന്ന് ഇസ്രഈല്‍ സൈന്യം ഗസയില്‍ നിന്ന് ബഫര്‍ സോണുകളിലേക്ക് പിന്മാറും.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് പേരെയും ഏഴാം ദിവസം നാല് പേരെയും അതിന് ശേഷമുള്ള അഞ്ച് ആഴ്ച്ചകളില്‍ ബാക്കി 26 പേരേയും മോചിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനെച്ചൊല്ലി ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ രാജിവെച്ചിരുന്നു
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ അതിര്‍ത്തി തുറക്കും. കൂടാതെ ഫിലാഡല്‍ഫിയ ഇടനാഴിയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പിന്മാറും. വരും ദിവസങ്ങളില്‍ കരാറിന്റെ രണ്ടും മൂന്നും ഘട്ടത്തിന്റ ചര്‍ച്ചകള്‍ ആരംഭിക്കും.
രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും. കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണമെന്നാണ് കരാറില്‍ പറയുന്നത്.
മൂന്നാംഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.
Content Highlight: Three hostages handed over to Israel; Families waiting for Palestinian prisoners