Israel Occupation
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; മൂന്ന് ബന്ദികളുടെ പേര് ഹമാസ് കൈമാറി
ഗസ: പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍. കൈമാറ്റം ചെയ്യുന്ന മൂന്ന് ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ന് മോചിപ്പിക്കുന്നവരില്‍ ഇസ്രഈല്‍-ബ്രിട്ടീഷ് പൗരയായ എമിലി ഡമാരി (28) ഡോരോന്‍ സ്‌റ്റെയ്ന്‍ ബ്രെച്ചര്‍ (31) റോമി ഗോനന്‍ (24) എന്നീ വനിതകളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കില്ലെന്ന് ഇസ്രഈല്‍ നിലപാട് എടുത്തതോടെ ഗസയില്‍ അനിശ്ചിതത്ത്വം നിലനിന്നിരുന്നു. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത് ഏകദേശം രണ്ട് മണിക്കൂര്‍ വൈകി.
വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെ മധ്യസ്ഥരായ ഖത്തര്‍ മുഖേനയാണ് ഇന്ന് മോചിപ്പിക്കുന്ന മൂന്ന് പേരുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടത്. എന്നാല്‍ ബന്ദി കൈമാറ്റം എവിടെവെച്ച് നടക്കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് മണിക്കൂര്‍ വൈകിയപ്പോള്‍ ഇസ്രഈല്‍ ഗസയില്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഈ ആക്രമണത്തില്‍ ഏകദേശം പത്തോമ്പതോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ബന്ദികളെ കൈമാറുന്നപക്ഷം ഇസ്രഈലില്‍ തടവില്‍ കഴിയുന്ന ഫലസ്തീനികളെയും ഇന്ന് വിട്ടയക്കും. എന്നാല്‍ എത്രപേരെ വിട്ടയക്കും എന്ന കാര്യത്തില്‍ കൃത്യതയില്ല. ഇതിന് പുറമെ ഗസ അതിര്‍ത്തിയില്‍ തടഞ്ഞുവെക്കപ്പെട്ട ഭക്ഷണവും മരുന്നുകളുമുള്ള ട്രക്കുകള്‍ ഗസയിലേക്ക് കടത്തിവിടും. ഐക്യരാഷ്ട്ര സംഘടനയുടെ 4000ത്തില്‍ അധികം ട്രക്കുകളാണ് ഗസ അതിര്‍ത്തിക്ക് സമീപം കാത്ത് നില്‍ക്കുന്നത്. തുടര്‍ന്ന് ഇസ്രഈല്‍ സൈന്യം ഗസയില്‍ നിന്ന് ബഫര്‍ സോണുകളിലേക്ക് പിന്മാറും.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് പേരെയും ഏഴാം ദിവസം നാല് പേരെയും അതിന് ശേഷമുള്ള അഞ്ച് ആഴ്ച്ചകളില്‍ ബാക്കി 26 പേരേയും മോചിപ്പിക്കും. മോചിപ്പിക്കുന്ന 33 ബന്ദികളുടെ ചിത്രങ്ങള്‍ ഇസ്രഈല്‍ അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതിനെച്ചൊല്ലി ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിര്‍ രാജിവെച്ചിരുന്നു. ഗസ വെടിനിര്‍ത്തല്‍ കരാര്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചാല്‍ രാജിവെക്കുമെന്ന് ബെന്‍ ഗ്വിര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വെടിനിര്‍ത്തല്‍ സാധ്യമായാല്‍ ഗസയില്‍ ഇസ്രഈല്‍ ഇതുവരെ നേടിയതിനെല്ലാം തിരിച്ചടിയുണ്ടാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനാല്‍ കരാര്‍ അട്ടിമറിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബെന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്ന് അമേരിക്കയുടെ 47മാത് പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കും മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ഉണ്ടയിരുന്നു. ഇതാണ് ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടാന്‍ ഇസ്രഈലിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
Content Highlight: Gaza ceasefire in effect; Hamas handed over the names of the three hostages