World News
90 ഫലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രഈൽ; ബന്ദികളെ വരവേറ്റത് നൂറായിരങ്ങൾ
ജെറുസലേം: വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടമായി ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ച് ഇസ്രഈല്‍. വെസ്റ്റ് ബാങ്കിലെ ജയിലില്‍ തടവിലായിരുന്ന 90 ബന്ദികളെയാണ് ഇസ്രഈല്‍ മോചിപ്പിച്ചത്.
മോചിപ്പിക്കപ്പെട്ടവരില്‍ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 78 ഉം ജെറുസലേമില്‍ നിന്നുള്ള 12 ഫലസ്തീനികളുമാണ് ഉള്ളത്. 62 സ്ത്രീകളാണ് മോചിപ്പിക്കപ്പെട്ടവരില്‍ ഉള്ളത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിക്കാത്ത പെണ്‍കുട്ടിയാണ്.
ബന്ദികളുടെ ഫോട്ടോകള്‍ പകര്‍ത്താതിരിക്കാന്‍ കറുത്ത ഷീൽഡുകളോട് കൂടിയ ബസിലാണ് തടവുകാരെ പുറത്തെത്തിച്ചത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പ്രതിനിധികളും ഇസ്രഈല്‍ സുരക്ഷാ സേനയും സംയുക്തമായാണ് വൈദ്യ പരിശോധന നടത്തിയത്.
മോചിപ്പിക്കപ്പെട്ട തടവുകാരിൽ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി)യുടെ പ്രമുഖ നേതാക്കളിലൊരാളായ ഖാലിദ ജരാരും ഉൾപ്പെടുന്നു. ഫലസ്തീനിയന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ജരാര്‍ 2023 ഡിസംബര്‍ മുതല്‍ ഇസ്രഈലി തടങ്കലിലാണ്.
ബന്ദി കൈമാറ്റത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് മുന്‍ഗണന. കരാര്‍ പ്രകാരം ഹമാസിന്റെ പക്കലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 33 ബന്ദികളെ കൈമാറുമ്പോള്‍ പകരമായി ഇസ്രഈലിന്റെ തടവിലുള്ള 2000ത്തോളം ഫലസ്തീന്‍ തടവുകാരെയാണ് മോചിപ്പിക്കുക.
ഇസ്രഈല്‍ ഓരോ സിവിലിയന്‍ ബന്ദിക്കായി 30 ഫലസ്തീന്‍ തടവുകാരെയും ഓരോ ഇസ്രഈല്‍ വനിതാ സൈനികര്‍ക്കായി 50 തടവുകാരെയും മോചിപ്പിക്കും.
തടവുകാരെ സ്വീകരിക്കുന്നതിനായി നൂറുകണക്കിന് ഫലസ്തീനികളാണ് ജയിലിന് പുറത്ത് തടിച്ചുകൂടിയത്. ബലൂണുകളും പതാകകളും ബാനറുകളും മധുര പലഹാരങ്ങളുമായാണ് തടവുകാരുടെ കുടുബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ ജനത ബന്ദികളെ വരവേറ്റത്.
റെഡ് ക്രോസിന്റെ രണ്ട് ബസുകളിലായാണ് ബന്ദികളെ പുറത്തെത്തിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാ സേന കര്‍ശന നടപടികളെടുത്തതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.
മോചിപ്പിക്കാനിരുന്ന ജെറുസലേം സ്വദേശികളായ സ്ത്രീകളുടെ വീടുകള്‍ കഴിഞ്ഞ ദിവസം ഇസ്രഈലി സൈന്യം അടിച്ചുതകര്‍ത്തിരുന്നു.
ഇന്നലെ (ഞായര്‍) മൂന്ന് ഇസ്രഈല്‍ ബന്ദികളെ ഹമാസ് കൈമാറിയിരുന്നു. ഞായറാഴ്ച രാവിലെയോടെ നടപ്പിലാക്കേണ്ടിയിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഉച്ചയ്ക്ക് ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്.
മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിടാത്തതിനെ തുടര്‍ന്ന് അനിശ്ചിതത്വം തുടരുകയായിരുന്നു. തുടര്‍ന്ന് ബന്ദികളുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ കരാര്‍ നടപ്പിലാവില്ലെന്നും യുദ്ധം വീണ്ടും ആരംഭിക്കുമെന്നും നെതന്യാഹു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പിന്നാലെ മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് കൈമാറുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് പേരുകള്‍ കൈമാറാന്‍ വൈകിയതെന്ന് ഹമാസ് അറിയിക്കുകയും ചെയ്തിരുന്നു.
വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടം വ്യർത്ഥം എന്ന് തെളിഞ്ഞാൽ യുദ്ധത്തിലേക്ക് മടങ്ങാൻ തനിക്ക് അവകാശമുണ്ടെന്ന നിലപാടിലാണ് നെതന്യാഹു. രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും. കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുള്ള ചർച്ചകളും ആരംഭിക്കും.
ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണമെന്നാണ് കരാറില്‍ പറയുന്നത്. ബന്ദികളുടെ കൈമാറ്റം സാധ്യമായതോടെ ഗസ അതിര്‍ത്തിയില്‍ തടഞ്ഞുവെക്കപ്പെട്ട ഭക്ഷണവും മരുന്നുകളുമുള്ള ട്രക്കുകള്‍ ഗസയിലേക്ക് കടത്തിവിടും. ഐക്യരാഷ്ട്ര സംഘടനയുടെ 4000ത്തില്‍ അധികം ട്രക്കുകളാണ് ഗസ അതിര്‍ത്തിക്ക് സമീപം കാത്ത് നില്‍ക്കുന്നത്. തുടര്‍ന്ന് ഇസ്രഈല്‍ സൈന്യം ഗസയില്‍ നിന്ന് ബഫര്‍ സോണുകളിലേക്ക് പിന്മാറും.
Content Highlight: Israel frees 90 Palestinian prisoners