കേരളത്തിലെ ഐ.ടി മേഖലയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം
കേരളത്തിലെ ഐ.ടി മേഖലയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിച്ച് താന്‍സാനിയന്‍ പ്രതിനിധി സംഘം. ഐ.ടി അധിഷ്ഠിതമായ ഉന്നത വിദ്യാഭ്യാസം, ഐ.ടി ആവാസവ്യവസ്ഥ വികസനം എന്നീ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിനിധി സംഘം താത്പര്യം പ്രകടിപ്പിച്ചത്.
ടെക്നോ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് താന്‍സാനിയന്‍ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിലെ പ്രതിനിധി സംഘം താത്പര്യം അറിയിച്ചത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വളര്‍ച്ചയും വികസനവും നേട്ടവും നേരിട്ടെത്തി മനസിലാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
സന്ദര്‍ശനത്തിന്റെ ഭാഗമായി ടെക്നോ പാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്രൊഫസർ സി. കുറുപ്പ്, സി.ടി.ഐ.കെയിലെ റിജി എന്‍. ദാസ് എന്നിവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
താന്‍സാനിയയിലെ ശാസ്ത്ര-സാങ്കേതികവിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫ. ലാഡിസ്ലൗസ് മോയീന്‍, താന്‍സാനിയ കമ്മിഷന് ഫോര്‍ യൂണിവേഴ്സിറ്റിസ് എക്സിക്യൂട്ടിവ് സെക്രട്ടറി പ്രൊഫ. ചാള്‍സ് കിഹാസ, എം.ജെ.എ.ന്യു.എ.ടി ഡെപ്യൂട്ടി വൈസ് കൗണ്‍സിലര്‍ പ്രൊഫ. ജോയല്‍ എംറ്റെബെ, വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക മന്ത്രാലയം പ്രിന്‍സിപ്പല്‍ ഓഫീസര്‍ കഡോള്‍ എം. കിലുഗല എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍.
ടെക്നോ പാര്‍ക്ക് മോഡല്‍ സംബന്ധിച്ചുള്ള വിവരങ്ങളും അതിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളെ കുറിച്ചും പ്രതിനിധി സംഘത്തിന് കേണല്‍ സഞ്ജീവ് നായര്‍ വിശദീകരിച്ച് നല്കി.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്താല്‍ വികസിപ്പിച്ചെടുത്ത ഈ മേഖല മറ്റൊരു അത്ഭുതമാണെന്ന് താന്‍സാനിയന്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫസര്‍ പീറ്റര്‍ എംസോഫ് പറഞ്ഞു.
തങ്ങൾക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് കേരളത്തിന്റേത്. താന്‍സാനിയന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വികസനത്തിനായി കേരളത്തിലെ ഐ.ടി മേഖലയുമായി ധാരണാപത്രം ഒപ്പിടാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
താൻസാനിയൻ വിദ്യാർത്ഥികൾക്കായി കേരളത്തിലെ ഐ.ടി മേഖലയുമായി സഹകരിച്ച് ഇൻ്റേൺഷിപ്പുകൾ, വർക്ക് ഷോപ്പുകൾ, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവ പരിഗണിക്കുമെന്ന് എംസോഫ് പറഞ്ഞു.
ഹൈപവര്‍ ഐ.ടി കമ്മിറ്റി പ്രതിനിധികള്‍, വ്യവസായ-ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, ഐ.സി.ടി അക്കാദമി, ഡിസ്സ്, അസാപ് പ്രതിനിധികളെയും സംഘം സന്ദര്‍ശിച്ചു.
Content Highlight: Tanzanian delegation explores possibility of collaboration with Kerala‘s IT sector