ബന്ദികൈമാറ്റത്തിനിടെ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്



World News


ബന്ദികൈമാറ്റത്തിനിടെ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

ജെറുസലേം: ഇസ്രഈല്‍-ഹമാസ് തമ്മിലുള്ള ബന്ദികൈമാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ റിപ്പോര്‍ട്ടറേയും ക്യാമറമാനേയും ഫലസ്തീന്‍ അതോറിറ്റി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ഗിവര ബുദേരിയും ക്യാമറാമാനുമാണ് അറസ്റ്റിലായത്.

മാധ്യമ പ്രവര്‍ത്തകരെ റാമല്ലയിലെ ഫലസ്തീനിയന്‍ പ്രിവന്റീവ് സെക്യൂരിറ്റിയുടെ ബെയ്റ്റൂണിയ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ ജയിലിന് മുമ്പില്‍ നിന്നുകൊണ്ട് ബന്ദികൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ബുദേരി അറസ്റ്റ് ചെയ്യപ്പെട്ടത്. അല്‍ ജസീറ അറബിക് വെറ്ററന്‍ ആന്റ് സീനിയര്‍ കറസ്പോണ്ടന്റ് ആണ് ഗിവര ബുദേരി.

ബന്ദികൈമാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഗിവര ബുദേരിയെ പൊലീസ് തടഞ്ഞതായി അല്‍ ജസീറ അറബ് പ്രതികരിച്ചു. റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിലും വിമര്‍ശനം ഉയരുന്നുണ്ട്.

ബുദേരിയുടെ അറസ്റ്റിനെ അപലപിച്ച് ഫലസ്തീന്‍ പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഡെമോക്രാറ്റിക് പ്രസ് കോണ്‍ഫറന്‍സ് പ്രതികരിച്ചു. ഫലസ്തീന്‍ അതോറിറ്റിയുടെ നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പ്രസ് കോണ്‍ഫറന്‍സ് പറഞ്ഞു.

ജനുവരിയുടെ ആദ്യ ആഴ്ചയില്‍ വെസ്റ്റ് ബാങ്കിലെ അല്‍ ജസീറ ടി.വിയുടെ സംപ്രേക്ഷണം ഫലസ്തീന്‍ അതോറിറ്റി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ നടപടി മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളെ മാനിക്കാത്തതും അസ്വീകാര്യമായതുമാണെന്നും പ്രസ് കോണ്‍ഫറന്‍സ് പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ തടവിലായിരുന്ന സ്ത്രീകളെ മോചിപ്പിക്കുമ്പോള്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയെ തന്നെ അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്നും പത്ര സംഘടന പ്രതികരിച്ചു.

വെസ്റ്റ് ബാങ്കിലെ ജയിലില്‍ തടവിലായിരുന്ന 90 ബന്ദികളെയാണ് ഇസ്രഈല്‍ മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ടവരില്‍ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 78 ഉം ജെറുസലേമില്‍ നിന്നുള്ള 12 ഫലസ്തീനികളുമാണ് ഉള്ളത്. 62 സ്ത്രീകളാണ് മോചിപ്പിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നത്.

മോചിപ്പിക്കപ്പെട്ട തടവുകാരില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി)യുടെ പ്രമുഖ നേതാക്കളിലൊരാളായ ഖാലിദ ജരാരും ഉള്‍പ്പെടുന്നു. ഫലസ്തീനിയന്‍ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ജരാര്‍ 2023 ഡിസംബര്‍ മുതല്‍ ഇസ്രഈലി തടങ്കലിലാണ്.

Content Highlight: An Al Jazeera journalist was reportedly arrested by the Palestinian Authority while covering the hostage exchange




Source link