ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തിലുറച്ച് ഐ.ഐ.ടി ഡയറക്ടര്‍; ശാസ്ത്രീയ സംവാദത്തിന് തയ്യാറെന്ന് ന്യായീകരണം
ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തിലുറച്ച് ഐ.ഐ.ടി ഡയറക്ടര്‍; ശാസ്ത്രീയ സംവാദത്തിന് തയ്യാറെന്ന് ന്യായീകരണം
ന്യൂദല്‍ഹി: ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന പരാമര്‍ശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്നും ശാസ്ത്രീയ സംവാദത്തിന് തയ്യാറാണെന്നും ഡയറക്ടര്‍ പറഞ്ഞു.
ഗോമൂത്രം ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും തെളിവ് ഹാജരാക്കാമെന്നും ഐ.ഐ.ടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു.
അമേരിക്കയില്‍ നടത്തിയ അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ കൈമാറാമെന്നും അവിടെ ഗോമൂത്രത്തില്‍ ഗുണം ചെയ്യുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കാമകോടി പറഞ്ഞു.
ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പുകഴ്ത്തിക്കൊണ്ടുള്ള കാമകോടിയുടെ വീഡിയോ നേരത്തെ വയറലായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തിയത്.
ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചുവെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നുവെന്നും വി. കാമകോടി പറഞ്ഞിരുന്നു.
ഒരു സന്ന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നും വി. കാമകോടി പറഞ്ഞിരുന്നു. ചെന്നൈയില്‍ നടന്ന ഗോപൂജ ചടങ്ങിലായിരുന്നു ഐ.ഐ.ടി ഡയറക്ടറുടെ വിചിത്ര പരാമര്‍ശം.
ശരീരത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
വിചിത്ര പരാമര്‍ശത്തെ തുടര്‍ന്ന് വി. കാമകോടിക്കെതിരെ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന്‍ പ്രസ്തവാനയിറക്കുകയും ചെയ്തിരുന്നു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നുവെന്നും അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ മാപ്പ് പറയണമെന്നും സ്റ്റുഡന്റ് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഗോമൂത്രം കുടിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി നേതാക്കളും ഹിന്ദുത്വ വാദികളും അവകാശപ്പെട്ടിരുന്നു. ശരീരത്തില്‍ ചാണകം പൂശുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ച് വാദിക്കുന്ന എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്.
Content Highlight: I.I.T director on the remark that drinking cow’s urine cures illness; Justification for being ready for scientific debate