കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണം; പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ തടവ്



national news


കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണം; പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ തടവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ തടവ്. 50000 രൂപ പിഴയും കോടതി വിധിച്ചു.

കൊല്‍ക്കത്ത അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് സി.ബി.ഐ പറഞ്ഞിരുന്നു. എന്നാല്‍ സി.ബി.ഐയുടെ വാദം കോടതി തള്ളി. ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ട യുവഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്.

അതീവ സുരക്ഷയിലാണ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോടതിക്ക് ചുറ്റും 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് സി.ബി.ഐ പറഞ്ഞു.

ശനിയാഴ്ച കേസിലെ ഏക പ്രതിയായ സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതി യുവഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അത് മരണത്തിന് കാരണമായെന്ന് തെളിഞ്ഞുവെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഫോറന്‍സിക് തെളിവുകള്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സംഭവമായിരുന്നു ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലേത്. 2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. മരിച്ചതിന്റെ പിറ്റേ ദിവസമാണ്ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ യുവഡോക്ടറെ കണ്ടെത്തിയത്.

തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയ് അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

യുവ ഡോക്ടറുടെ മരണത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

യുവ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തുനീളമായി ഇടവേളകളില്ലാതെ തൊഴിലെടുക്കുന്ന മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ഐ.എം.എ അടക്കം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Death of young doctor in Kolkata; Accused Sanjay Ro gets life imprisonment




Source link