കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23ന് തുടങ്ങും; ആറ് ബുക്കര്‍ പ്രൈസ് ജേതാക്കള്‍ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍



Kerala News


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23ന് തുടങ്ങും; ആറ് ബുക്കര്‍ പ്രൈസ് ജേതാക്കള്‍ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് ജനുവരി 23 ന് തുടക്കം കുറിക്കും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സാഹിത്യോത്സവം ജനുവരി 26നാണ് അവസാനിക്കുക. കോഴിക്കോട് ബീച്ചില്‍വെച്ച് നടക്കുന്ന സാഹിത്യോത്സവത്തില്‍ 15 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കും. ജനുവരി 23 ന് വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സാഹിത്യം, ശാസ്ത്രം, കല എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന പരിപാടിയില്‍ ജെന്നി ഏര്‍പെന്‍ബെക്ക്, പോള്‍ ലിഞ്ച്, മൈക്കല്‍ ഹോഫ്മാന്‍, ഗൌസ്, സോഫി മക്കിന്റോഷ്, ജോര്‍ജി ഗൊസ്‌പോഡിനോവ് എന്നീ ബുക്കര്‍ സമ്മാനജേതാക്കള്‍ പങ്കാളികളാവും. ഇതാദ്യമായാണ് ആറ് ബുക്കര്‍ സമ്മാനജേതാക്കള്‍ ഒന്നിച്ച് ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തര്‍ ഡുഫ്‌ലോയും പരിപാടിയില്‍ സന്നിഹിതരാവും.

ഫ്രാന്‍സാണ് ഈ വര്‍ഷത്തെ ആതിഥേയ രാജ്യം. ഫിലിപ്പ് ക്ലോഡല്‍, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്താവ്‌സണ്‍, സെയ്ന അബിറാച്ചെഡ് തുടങ്ങിയവര്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. ജൂലി സ്റ്റീഫന്‍ ചെങ്, തിമോത്തി ഡി ഫോംബെല്ലെ, ഫ്രെഡ് നോവ്‌ചെ എന്നിവരും ചര്‍ച്ചകളില്‍ പങ്കാളികളാകും.

ഇവരെ കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ സാഹിത്യകാരന്മാരും കലാകാരന്മാരും കെ.എല്‍.എഫിനെത്തും. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നടന്‍ നസറുദ്ദീന്‍ ഷാ, നടി ഹുമ ഖുറേഷി, വയലിനിസ്റ്റ് എല്‍. സുബ്രഹ്‌മണ്യം, പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയവരും പങ്കെടുക്കും. ഇവരെക്കൂടാതെ ഇറാ മുഖോട്ടി, മനു എസ്. പിള്ള, അമിത് ചൗധരി, എബ്രഹാം വര്‍ഗീസ് തുടങ്ങിയ ഇന്ത്യന്‍ എഴുത്തുകാര്‍ ചര്‍ച്ചകളില്‍ പങ്കാളിയാവും. നോര്‍വീജിയന്‍ നോവലിസ്റ്റ് ഹെല്‍ഗ ഫ്‌ലാറ്റ്ലാന്‍ഡ്, ന്യൂസിലാന്‍ഡില്‍ നിന്നുള്ള കാതറിന്‍ ചിഡ്ജി തുടങ്ങിയവരുമുണ്ട്.

ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പുറമെ കലാസാംസ്‌കാരികപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉസ്താദ് വസീം അഹമ്മദ് ഖാന്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് മുഖ്ത്യാര്‍ അലി എന്നിവരുടെ സംഗീതവിരുന്നുമുണ്ട്.

കുട്ടികളിലെ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി കഥപറച്ചില്‍, ശില്‍പ്പശാലകള്‍, ഇന്റര്‍ ആക്ടീവ് സെഷനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. അതേസമയം ആഗോള പ്രശ്‌നങ്ങള്‍, ശാസ്ത്രം, പുരാതന തത്വചിന്ത തുടങ്ങി വിവിധ വിഷയങ്ങളിലും ചര്‍ച്ചകളുണ്ടാവും.

കെ.എല്‍. എഫ് ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഈ വര്‍ഷത്തെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഷോര്‍ട്ട്ലിസ്റ്റില്‍ മനോജ് കുറൂരിന്റെ ദി ഡേ ദി എര്‍ത്ത് ബ്ലൂംഡ്, കിന്‍ഫാം സിങ് നോങ്കിന്റിയുടെ ദി ഡിസ്‌ടേസ്റ്റ് ഓഫ് ദ എര്‍ത്ത്, ഉപമന്യു ചാറ്റര്‍ജിയുടെ ലോറന്‍സോ സെര്‍ച്ച്സ് ഫോര്‍ ദി മീനിങ് ഓഫ് ലൈഫ് തുടങ്ങിയവ ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കെ. കെ. കൊച്ചിന്റെ ദലിതന്‍ ആന്‍ ഓട്ടോബയോഗ്രഫി, രാഹുല്‍ ഭാട്ടിയയുടെ ദി ഐഡന്റിറ്റി പ്രോജക്ട് തുടങ്ങിയവയാണ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലുള്‍പ്പെട്ടിട്ടുള്ളത്. ജീത്ത് തയ്യില്‍, മീന കന്തസാമി, ജെറി പിന്റോ, മൃദുല കോശി, സതീഷ് പത്മനാഭന്‍, അക്ഷയ മുകുള്‍ തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍. വിജയികളെ ജനുവരി 25ന് നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ പ്രഖ്യാപിക്കും.

ചടങ്ങിന്റെ രണ്ടാം ദിവസത്തില്‍ പ്രദം ബുക്‌സ് പ്രസിദ്ധീകരിച്ച് ജെ. ദേവിക തര്‍ജ്ജമ ചെയ്ത പുസ്തകമായ ബുനിയാദി ബാത്തിന്റെ മലയാളം പതിപ്പ് നൊബേല്‍സമ്മാന ജേതാവായ എസ്തര്‍ ഡുഫ്‌ലോ ചിത്രകാരിയായ ചീയെന്‍ ഒലിവിയറിനൊപ്പം പുറത്തിറക്കും.

പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാർ എ.പ്രദീപ് കുമാർ, ജനറൽ കൺവീനർ ഡോ.എ.കെ.അബ്ദുൽ ഹക്കീം, പ്രോഗ്രാം കൺവീനർ കെ.വി.ശശി, മീഡിയ കൺവീനർ ഫാരിസ് കണ്ടോത്ത്, ഫ്രഞ്ച് കൾച്ചറൽ ഡിപാർട്ട്മെന്റിൽ നിന്നുള്ള ഡപ്യൂട്ടി അറ്റാഷെ വിക്ടോറിയ വോൺ എന്നിവരും പങ്കെടുത്തു.

Content Highlight: The Kerala Literature Festival will begin on January 23; Guests from 15 countries will attend, including six Booker Prize winners




Source link