പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണം- ഡോ. പ്രേം കുമാര്‍
Kerala News
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണം: ഡോ. പ്രേം കുമാര്‍
പാലക്കാട്: തൃത്താലയില്‍ അധ്യാപകനെ ഭീഷണിപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ച അധ്യാപകരുടെ പ്രവൃത്തി ശുദ്ധ തെമ്മാടിത്തരമാണെന്ന് മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനുമായ ഡോ. പ്രേം കുമാര്‍.
വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയല്ല ഒരു അധ്യാപകന്‍ ചെയ്യേണ്ടതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ ഇവിടെ സംവിധാനങ്ങളുണ്ടെന്നും പ്രേം കുമാര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം പാലക്കാട് തൃത്താലയില്‍ ഫോണ്‍ പിടിച്ചുവെച്ച പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയെയും വീഡിയോ ചിത്രീകരിച്ച അധ്യാപകനേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
‘There is no such thing as bad student; only bad teacher’ എന്ന വാചകത്തോട് കൂടിയാണ് പ്രേംകുമാര്‍ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ വടിയെടുക്കുന്ന അധ്യാപകന്‍ നല്ല അധ്യാപകനാവില്ലെന്ന് തന്നെ പഠിപ്പിച്ചത് വിജയന്‍ മാഷാണെന്ന് പറഞ്ഞ പ്രേം കുമാര്‍ പഠിപ്പിന്റെ കാര്യമായാലും പെരുമാറ്റത്തിന്റെ കാര്യമായാലും ഇത്തരത്തില്‍ ശിക്ഷകള്‍ നല്‍കുന്ന അധ്യാപകര്‍ ഒരുകാരണവശാലും മികച്ച അധ്യാപകന്‍ ആകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഒരു കുട്ടി ഇത്തരത്തില്‍ പ്രകോപനപരമായി പെരുമാറുന്നതിന് വിവിധ കാരണങ്ങള്‍ ഉണ്ടെന്നും അതിന്റെ ഉത്തരവാദിത്തം സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു അധ്യാപകന്‍ വീഡിയോ എടുത്ത് നാട് മുഴുവന്‍ പ്രചരിപ്പിക്കുമ്പോള്‍ അത് തടയാന്‍ ശ്രമിക്കാതിരുന്ന ഹെഡ് മാസ്റ്ററും ഈ വിഷയത്തില്‍ തെറ്റുകാരനാണെന്നും പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി.
‘അധ്യാപന പണിയെടുത്ത് ശമ്പളം വാങ്ങുന്നൊരു സര്‍ക്കാര്‍ ജീവനക്കാരന്‍/ജീവനക്കാരി ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത ക്രിമിനല്‍ കുറ്റമാണത്. അത് ഷെയര്‍ ചെയ്ത് അര്‍മാദിക്കുന്ന കേശവന്‍മാമന്മാരെയും മാമിമാരെയും പറഞ്ഞു നന്നാക്കല്‍ നടപ്പുള്ള കാര്യമല്ല. പക്ഷേ, പ്രായപൂര്‍ത്തിയാവാത്തൊരു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന ഒരു ഗവണ്‍മെന്റ് സെര്‍വന്റിനെ നിലയ്ക്കു നിര്‍ത്താന്‍ ഇന്നാട്ടില്‍ സംവിധാനമുണ്ട്. അതുപയോഗിക്കേണ്ടതുണ്ട്,’ പ്രേം കുമാര്‍ പറഞ്ഞു.
അതേസമയം പ്രചരിക്കുന്ന വീഡിയോയില്‍ അധ്യാപകനോട് വേണ്ട മാഷേ എന്ന് പറയുന്ന ഒരു അധ്യാപികയുണ്ടെന്നും അവരാണ് യഥാര്‍ത്ഥ മാതൃകയെന്നും അല്ലാതെ തിരിച്ചു വെല്ലുവിളിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് ശുദ്ധതോന്നിവാസമാണെന്ന് ഇന്നാട്ടിലെ മുഴുവന്‍ അധ്യാപകരും ഓര്‍മിക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തൃത്താല പൊലീസ് വിദ്യാര്‍ത്ഥിയെ വിളിച്ച് വരുത്തിയിരുന്നു. തുടര്‍ന്ന് തന്റെ പിഴവ് തുറന്ന് പറഞ്ഞ വിദ്യാര്‍ത്ഥി തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പ് പറയാന്‍ തയ്യാറാണെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു.
Content Highlight: Action should be taken against the teachers who shot the video of the minor child and circulated it says Dr. Prem Kumar