national news
ദല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ പ്രകടനപത്രിക അടച്ചുപൂട്ടലിന്റെ ബ്ലൂപ്രിന്റ്: അരവിന്ദ് കെജ്രിവാൾ
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രിക അടച്ചുപൂട്ടലിന്റെ ബ്ലൂപ്രിന്റ് എന്ന് മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാൾ.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ സൗജന്യ വിദ്യാഭ്യാസം നിര്‍ത്തലാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രിക രാജ്യത്തിന് അപകടകരമാണെന്നും സൗജന്യ ആരോഗ്യ സേവനങ്ങള്‍ ഇല്ലാതാക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മൊഹല്ല ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ ആരോഗ്യ സേവനങ്ങള്‍ ബി.ജെ.പി ഇല്ലാതാക്കുമെന്നും കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരെ ബി.ജെ.പി കടന്നാക്രമണം നടത്തുകയാണെന്നും ഇത് ദല്‍ഹി നിവാസികളുടെ അതിജീവനത്തിന് ബുദ്ധിമുട്ടാകുമെന്നും കെജ്രിവാൾ പറഞ്ഞു.
പ്രകടനപത്രികയിലൂടെ ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെട്ടത്. വസ്തുതകള്‍ മനസിലാക്കണം. തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന സമയത്ത് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും കെജ്രിവാൾ പറഞ്ഞു.
അതേസമയം കെജ്രിവാൾ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ദല്‍ഹി ബി.ജെ.പി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
ദല്‍ഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം, വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം നടത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ കെജ്രിവാൾ വീണ്ടും രംഗത്തെത്തിയത്.
നേരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകള്‍ തോറും പ്രചരണം നടത്തുന്നതിനിടെ കെജ്രിവാളിന് നേരെ കൈയേറ്റം നടന്നിരുന്നു. പ്രചരണത്തിനിടെ കെജ്രിവാളിന്റെ കാറിന് നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.
കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നതും കരിങ്കൊടി വീശുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എ.എ.പി പുറത്തുവിടുകയും ചെയ്തിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രവേഷ് വര്‍മയുടെ ഗുണ്ടകള്‍ അരവിന്ദ് കെജ്രിവാളിന്റെ കാറിന് നേരെ കല്ലെറിഞ്ഞുവെന്നായിരുന്നു എ.എ.പിയുടെ ആരോപണം.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം നടത്തിയെന്ന കെജ്രിവാളിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പര്‍വേഷ് വര്‍മക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Content Highlight: Delhi Election; BJP Manifesto is blueprint of shutdown: Aravind Kejriwal