ട്രാന്‍സ് സമൂഹത്തോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണം; ട്രംപിനെ ഇരുത്തി വാഷിങ്ടണ്‍ ബിഷപ്പ്

ട്രാന്‍സ് സമൂഹത്തോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണം; ട്രംപിനെ ഇരുത്തി വാഷിങ്ടണ്‍ ബിഷപ്പ്

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകളെ തഴഞ്ഞ് അമേരിക്കയില്‍ രണ്ട് ജെന്‍ഡറുകള്‍ മാത്രമെയുള്ളുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ബിഷപ്പ്. വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍വെച്ച് റൈറ്റ് റവ. മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ ആണ് ഇക്കാര്യം പറഞ്ഞത്.

പ്രാര്‍ത്ഥനാ ചടങ്ങില്‍ മുന്‍ നിരയുലായിരുന്നു ട്രംപ് ഇരുന്നിരുന്നത്. ട്രംപിന് സമീപം ഭാര്യ മെലാനിയയും വൈസ് പ്രസിഡന്റ് ജെ.ഡി. ഇവാന്‍സുമുണ്ടായിരുന്നു.

ഡെമോക്രാറ്റുകളുടേയും റിപബ്ലിക്കുകളേയും കുടുംബങ്ങളില്‍ സ്വവര്‍ഗാനുരാഗികളും ലെസ്ബിയനും ട്രാന്‍സ്‌ജെന്‍ഡറുകളും ഉണ്ടെന്ന് പറഞ്ഞ ബിഷപ്പ് അവര്‍ ഭയത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും ട്രംപിനോട് പറഞ്ഞു.

‘സ്‌നേഹനിധിയായ ദൈവത്തിന്റെ കരുതല്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ദൈവം തന്നെ നിങ്ങളെ കൊലയാളിയുടെ വെടിയുണ്ടയില്‍ നിന്ന് രക്ഷിച്ചു. ദൈവത്തിന്റെ നാമത്തില്‍ നമ്മുടെ രാജ്യത്തെ ഇപ്പോള്‍ ഭയന്നിരിക്കുന്ന ആളുകളോട് കരുണ കാണിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.

കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും കുറ്റവാളികളല്ല. അവര്‍ നികുതി അടയ്ക്കുന്നു. നല്ല അയല്‍ക്കാരാണ്. അവര്‍ നമ്മുടെ പള്ളികളിലും സിനഗോഗുകളിലും ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും വിശ്വസ്തരായ അംഗങ്ങളാണ്. അപരിചിതരോട് കരുണ കാണിക്കണമെന്ന് നമ്മുടെ ദൈവം നമ്മെ പഠിപ്പിക്കുന്നു. കാരണം നമ്മള്‍ ഈ നാട്ടില്‍ ഒരിക്കല്‍ അപരിചിതരായിരുന്നു,’ ബിഷപ്പ് പറഞ്ഞു.

അതേസമയം ബിഷപ്പിന്റെ പ്രഭാഷണത്തില്‍ ട്രംപിന് അതൃപ്തനായിരുന്നു. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യല്‍ പങ്കുവെച്ച കുറിപ്പില്‍ അവരെ ഇടതുപക്ഷ പ്രവര്‍ത്തക എന്നാണ് ട്രംപ് മുദ്രകുത്തിയത്.

‘ചൊവ്വാഴ്ച രാവിലെ നാഷണല്‍ പ്രയര്‍ സര്‍വീസില്‍ സംസാരിച്ച ബിഷപ്പ് എന്ന് വിളിക്കപ്പെടുന്ന ഒരു തീവ്ര ഇടതുപക്ഷക്കാരി കടുത്ത ട്രംപ് വിദ്വേഷിയായിരുന്നു. അവളുടെ സ്വരം അരോചകമായിരുന്നു. അവളും അവളുടെ സഭയും പൊതുജനങ്ങളോട് മാപ്പ് പറയണം,’ ട്രംപ് പറഞ്ഞു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു . 2020 ല്‍ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചതിനെ അവര്‍ ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.

ട്രംപിന്റെ അനുയായികളും ബിഷപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റിനെ വിമര്‍ശിച്ച അമേരിക്കന്‍ പൗരത്വമുള്ള ബുഡെയെ നാടുകടത്തണമെന്ന് ജോര്‍ജിയയിലെ കോണ്‍ഗ്രസ് അംഗം മൈക്ക് കോളിന്‍സ് പറഞ്ഞു.

Content Highlight: Mercy must be shown to the LGBT+ community and immigrants; Bishop appeals directly to Trump at prayer ceremony

 




Source link