World News
വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി യു.എസ്, ഉക്രൈന്‍, യു.കെ, ഫ്രാന്‍സ് തലവന്മാര്‍; ചരിത്രപരമായ കൂടിക്കാഴ്ചയെന്ന് സെലന്‍സ്‌കി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങിനിടയില്‍ കൂടിക്കാഴ്ച നടത്തി യു.എസ്, ഉക്രൈന്‍, യു.കെ, ഫ്രാന്‍സ് തലവന്മാര്‍. യു.എസ്, ഉക്രൈന്‍, യു.കെ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ തലവന്മാരാണ് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്.
വ്‌ലോദിമിര്‍ സെലന്‍സ്‌കി, ഡൊണാള്‍ഡ് ട്രംപ്, കെയ്ര്‍ സ്റ്റാര്‍മര്‍, ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്. ട്രംപുമായി മുഖാമുഖം നടത്തിയ ചര്‍ച്ച ചരിത്രപരമായി മാറാന് സാധ്യതയുള്ള കൂടിക്കാഴ്ചയെന്ന് വ്‌ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
നല്ല കൂടിക്കാഴ്ചയാണെന്നും തങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്തുവെന്നും സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. തങ്ങള്‍ സംസാരിച്ച എല്ലാ കാര്യങ്ങളിലും ഉദ്ദേശിച്ച ഫലം പ്രതീക്ഷിക്കുന്നുവെന്നും തങ്ങളുടെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും പൂര്‍ണവും നിരുപാധികവുമായ വെടിനിര്‍ത്തലുണ്ടാകണമെന്നും സെലന്‍സ്‌കി എക്‌സ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപുമായി ഏകദേശം 15 മിനുട്ടോളം സംസാരിച്ചുവെന്നാണ് സെലന്‍സ്‌കിയുടെ ഓഫീസ് പറയുന്നത്. ഇന്ന് വീണ്ടും കൂടിക്കാഴ്ച ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഷെഡ്യൂള്‍ ചെയ്ത മറ്റ് പരിപാടികള്‍ കാരണമാണ് കൂടിക്കാഴ്ച നടക്കാതിരുന്നതെന്ന് പിന്നീട് സെലന്‍സ്‌കിയുടെ ഓഫീസ് അറിയിക്കുകയുണ്ടായി.
ലോകനേതാക്കളുമായി നടന്ന കൂടിക്കാഴ്ച സ്ഥിരീകരിച്ചത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ്. കൂടിക്കാഴ്ചയുടെ ചിത്രം അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി.
വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഉക്രൈനിയന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി എന്നിവര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേരത്തെ വാക്‌പോര് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുനേതാക്കളും നേരിട്ട് നടത്തുന്ന കൂടിക്കാഴ്ച കൂടിയാണിത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ട്രംപ് സെലന്‍സ്‌കിയോട് വൈറ്റ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും പിന്നാലെ യു.എസ് സംയുക്ത പത്രസമ്മേളനം റദ്ദാക്കുകയും ചെയ്തിരുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് ഉക്രൈനെ അടുപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതോടെയാണ് ധാതു കരാറില്‍ ഒപ്പുവെക്കുന്നതില്‍ നിന്നും സെലന്‍സ്‌കി പിന്‍വാങ്ങിയത്.
Content Highlight: World leaders meet at Vatican; Zelensky calls it historic meeting