national news
ബഹാദൂർ ഷാ രണ്ടാമന്റെ കൊച്ചുമകന്റെ വിധവ; ചെങ്കോട്ടയിൽ അവകാശമുന്നയിച്ച ഹരജി തള്ളി സുപ്രീം കോടതി
ന്യൂദൽഹി: മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫർ രണ്ടാമന്റെ കൊച്ചുമകന്റെ വിധവയാണെന്ന് അവകാശപ്പെട്ട് ചെങ്കോട്ടക്ക് മേൽ അവകാശവാദം ഉന്നയിച്ച സ്ത്രീയുടെ ഹരജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
ഹരജി തെറ്റിദ്ധാരണാജനകമാണെന്നും പരിഗണിയ്ക്കേണ്ട ആവശ്യകതയില്ലെന്നും പറഞ്ഞ സുപ്രീം കോടതി ഹരജി പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു.
‘ഇവർ സമർപ്പിച്ച റിട്ട് ഹരജി തെറ്റിദ്ധാരണാജനകവും പരിഗണിക്കപ്പെടാൻ അർഹതയില്ലാത്തതുമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജിക്കാരിയായ സുൽത്താന ബീഗം എന്തുകൊണ്ടാണ് ചെങ്കോട്ടയിൽ മാത്രം കണ്ണുവെച്ചിരിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. അവർ അവകാശപ്പെട്ടതുപോലെ അവസാനത്തെ മുഗൾ ചക്രവർത്തിയുമായി അവർക്ക് ബന്ധമുണ്ടെങ്കിൽ മറ്റ് സ്മാരകങ്ങളുടെയും മുഴുവൻ പുരാതന നഗരമായ ഫത്തേപൂർ സിക്രിയുടെയും വംശാവലിയുടെ മേലും അവർക്ക് അവകാശം ഉന്നയിക്കാമല്ലോയെന്ന് കോടതി ചോദിച്ചു.
‘എന്തുകൊണ്ട് റെഡ് ഫോർട്ട് മാത്രം? എന്തുകൊണ്ട് ഫത്തേപൂർ സിക്രിക്ക് മേൽ അവകാശവാദം ഉന്നയിക്കുന്നില്ല? അവർ അവകാശപ്പെടുന്നത് പോലെ അവസാനത്തെ മുഗൾ ചക്രവർത്തിയുമായി അവർക്ക് ബന്ധമുണ്ടെങ്കിൽ മറ്റ് സ്മാരകങ്ങളുടെയും മുഴുവൻ പുരാതന നഗരമായ ഫത്തേപൂർ സിക്രിയുടെയും വംശാവലിയുടെ മേലും അവർക്ക് അവകാശം ഉന്നയിക്കാമല്ലോ. ഈ ഹരജി തെറ്റിദ്ധരിപ്പിക്കുന്നതാണ് അതിനാൽ ഹരജി കോടതി തള്ളിക്കളയുകയാണ്,’ കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ ചെങ്കോട്ടക്ക് മേൽ അവകാശവാദമുന്നയിച്ച് ഹരജിക്കാരി ദൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി ദൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടർന്ന് ഹരജിക്കാരി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2021 ലായിരുന്നു സുൽത്താന ബീഗം ദൽഹി ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ചിന് മുമ്പാകെ ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഹരജി നൽകിയത്. ബഹാദൂർ ഷാ സഫറിന്റെ പേരക്കുട്ടിയും നിയമപരമായ അവകാശിയുമായ മിർസ മുഹമ്മദ് ബേദർ ബക്തിന്റെ വിധവയാണ് താനെന്ന് അവർ അവകാശപ്പെട്ടു. ചരിത്ര സ്മാരകം അനധികൃതമായി കൈയേറിയെന്നാരോപിച്ച് അവർ കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. കോടതി അവരുടെ ഹരജി തള്ളുകയായിരുന്നു.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടീഷുകാർ തന്റെ കുടുംബത്തിന്റെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നും തുടർന്ന് ചക്രവർത്തിയെ രാജ്യത്തുനിന്ന് നാടുകടത്തിയെന്നും മുഗളരിൽ നിന്ന് ചെങ്കോട്ടയുടെ കൈവശാവകാശം ബലമായി പിടിച്ചെടുത്തു എന്നുമാണ് ഹരജിയിൽ അവകാശപ്പെട്ടത്. ചെങ്കോട്ട ഹരജിക്കാരിക്ക് കൈമാറാൻ കേന്ദ്രത്തോട് നിർദേശിക്കുകയോ മതിയായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Content Highlight: SC junks plea of woman claiming possession of iconic Red Fort