Kerala News
പാതിവില തട്ടിപ്പ്; കെ.എൻ. ആനന്ദകുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ കെ.എൻ. ആനന്ദകുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നടത്തിയത് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്നും ജാമ്യം ലഭിക്കാനുള്ള കേസല്ല ഇതെന്നും സുപ്രീം കോടതി വിമർശിച്ചു.
കുറ്റപത്രം നൽകിയതിന് ശേഷം ജാമ്യം തേടാമെന്നും കോടതി പറഞ്ഞു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതി കെ.എൻ ആനന്ദകുമാർ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ആനന്ദകുമാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി ആനന്ദകുമാറിനെതിരെ കടുത്ത വിമർശനം നടത്തുകയാണ് ചെയ്തത്.
നടത്തിയത് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്നും ജാമ്യം ലഭിക്കാനുള്ള കേസല്ല ഇതെന്നും പറഞ്ഞ സുപ്രീം കോടതി അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ് കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തട്ടിപ്പിന്റെ ഗുണമുണുണ്ടായത് ആർക്കൊക്കെയാണെന്ന് അന്വേഷണത്തിലൂടെയാണ് തിരിച്ചറിയേണ്ടത്. എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് ആരൊക്കെയാണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത് എന്നന്വേഷിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. പ്രതി ജസ്റ്റിസ് ജെ.കെ മഹേശ്വരി ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുൾപ്പെട്ടബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
പ്രതി ഐ.സി.യുവിലാണെന്ന് അറിയാമെന്നും കോടതി പറഞ്ഞു. ജാമ്യാപേക്ഷയുടെ ഉപഹരജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. കാരണം പ്രതിയുടെ ആരോഗ്യനില സംബന്ധിച്ചാണ് ഉപഹരജി നൽകിയത്. ഇത് സംബന്ധിച്ചുള്ള വിശദീകരണം രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സി.എസ്.ആർ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻ.ജി.ഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സി.എസ്.ആർ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്.
കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പാതിവില ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെ.എൻ. ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റിൽ അഞ്ച് അംഗങ്ങൾ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തട്ടിപ്പിൽ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെ.എൻ. ആനന്ദകുമാറിന്റെ വാദം. എന്നാൽ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു
Content Highlight: Half price scam; Supreme Court strongly criticizes K. N. Anandakumar