ബുദ്ധിശൂന്യത, പാകിസ്ഥാന് ശക്തമായ സന്ദേശം നൽകാനുള്ള അവസരം ഇല്ലാതാക്കി; ഐ.എം.എഫ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ്
ന്യൂദൽഹി: പാകിസ്ഥാന് വായ്പ അനുവദിക്കാൻ വേണ്ടി അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ചേർന്ന യോഗത്തിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മോദി സർക്കാർ പാകിസ്ഥാന് ശക്തമായ സന്ദേശം നൽകാനുള്ള അവസരം ഇല്ലാതാക്കിയെന്ന് കോൺഗ്രസ് വിമർശിച്ചു.
എ.ഐ.സി.സി സെക്രട്ടറിയായ ജയറാം രമേശാണ് വിമർശനവുമായെത്തിയിരിക്കുന്നത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഐ.എം.എഫ് പാകിസ്ഥാന് വായ്പ നൽകുന്ന വിഷയം സംഘടനയിൽ എത്തുമ്പോൾ ഇന്ത്യ എതിർത്ത് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 29ന് തന്നെ ഇക്കാര്യം കോൺഗ്രസ് സർക്കാറിന് മുമ്പാകെ ഉന്നയിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇന്ത്യ ചെയ്തതത്.
‘ഏപ്രിൽ 29 ന്, പാകിസ്ഥാനുള്ള ഐ.എം.എഫ് വായ്പയ്‌ക്കെതിരെ ഇന്ത്യ വോട്ട് ചെയ്യണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് അതിന്റെ എക്സിക്യൂട്ടീവ് ബോർഡ് അത് പരിഗണിച്ചു. ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുക മാത്രമാണ് ചെയ്തത്. മോദി സർക്കാർ പിന്മാറി. പാകിസ്ഥാന് ശക്തമായ സന്ദേശം നൽകാനുള്ള അവസരം ഇല്ലാതാക്കി,’ ജയറാം രമേശ് എക്‌സിൽ കുറിച്ചു.
പാകിസ്ഥാന് വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എഫ് എക്സിക്യൂട്ടിവ് ബോർഡ് വെള്ളിയാഴ്ച അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ 2.3 ബില്യൺ ഡോളറിൽ എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇ.എഫ്.എഫ് ) വായ്പാ പദ്ധതി പ്രകാരം പാകിസ്ഥാന് ഒരു ബില്യൺ ഡോളർ ഉടനടി വിതരണം ചെയ്യാൻ ഐ.എം.എഫ് തീരുമാനിക്കുകയും ചെയ്തു.
ഈ പണം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിന് ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ പറഞ്ഞു. തുടർന്ന് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് തുടർച്ചയായ സ്പോൺസർഷിപ്പ് നൽകുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുന്നുവെന്നും ഇത് ആഗോള മൂല്യങ്ങളെ പരിഹസിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
‘പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ഐ.എം.എഫ് പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് അതിർത്തി കടന്നുള്ള ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്ത്യ ഈ വിഷയത്തിൽ ആശങ്കാകുലരാണ്,’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
Content Highlight: Modi govt chickened out’: Congress slams Centre for abstaining from voting on IMF bailout for Pakistan