തസ്‌ലീമ നസ്രിന് കൊല്‍ക്കത്തയുള്‍പ്പെടെ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം: കേന്ദ്ര സര്‍ക്കാര്‍
ന്യൂദല്‍ഹി: ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്രിന് രാജ്യത്ത് എവിടെയും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അവര്‍ക്ക് അര്‍ഹമായ കാലാവധിയിലുമുള്ള ഇന്ത്യന്‍ വിസ അനുവദിച്ചിട്ടുണ്ടെന്നും കൊല്‍ക്കത്ത ഉള്‍പ്പെടെ ഇന്ത്യയിലെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അറിയിച്ചു.
തസ്‌ലീമയെ പശ്ചിമ ബംഗാളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.പി. സമിക് ഭട്ടാചാര്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ല്യക്തമാക്കിയത്.
രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി 2025 മെയ് അഞ്ചിന് കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് സമിക് ഭട്ടാചാര്യയ്ക്ക് അയച്ച കത്തിലാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം തസ്‌ലീമ നസ്രിന്‍ പഹല്‍ഗാം ഭീകരാക്രമണത്തെ 2016 ലെ ധാക്ക കഫേ ഉപരോധത്തോട് താരതമ്യം ചെയ്യുകയും ഇസ്‌ലാം ഉള്ളിടത്തോളം കാലം തീവ്രവാദം നിലനില്‍ക്കുമെന്നും പറഞ്ഞിരുന്നു. ദല്‍ഹി സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു അവരുടെ പ്രതികരണം.
‘1,400 വര്‍ഷമായി ഇസ്‌ലാം പരിണമിച്ചിട്ടില്ല. ഇസ്‌ലാം പരിണമിച്ചിട്ടില്ലെങ്കില്‍ അത് തീവ്രവാദികളെ വളര്‍ത്തുന്നത് തുടരും. 2016 ലെ ധാക്ക ആക്രമണത്തില്‍ കലിമ ചൊല്ലാന്‍ കഴിയാത്തതിനാല്‍ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തു. വിശ്വാസത്തെ യുക്തിയെയും മനുഷ്യത്വത്തെയും മറികടക്കാന്‍ അനുവദിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്,’ തസ്‌ലിമ പറഞ്ഞു.
യൂറോപ്പില്‍ പള്ളികള്‍ മ്യൂസിയങ്ങളായി മാറിയിരിക്കുന്നുവെന്നും പക്ഷേ മുസ്‌ലിങ്ങള്‍ എല്ലായിടത്തും പള്ളികള്‍ പണിയുന്ന തിരക്കിലാണെന്നും അവര്‍ പറയുകയുണ്ടായി. മുസ്‌ലിങ്ങള്‍ സൃഷ്ടിക്കുന്നത് ജിഹാദികളാണെന്നും മദ്രസകള്‍ ഉണ്ടാകരുതെന്നും കുട്ടികള്‍ ഒരു പുസ്തകമല്ല എല്ലാ പുസ്തകങ്ങളും വായിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.
1994ല്‍ ദൈവനിന്ദ ആരോപിച്ച് ബംഗ്ലാദേശ് നാടുകടത്തിയ തസ്‌ലീമ നസ്രിന്‍ പിന്നീട് സ്വീഡന്‍, യു.എസ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ താമസിച്ചു. തന്റെ ‘ലജ്ജ’ എന്ന പുസ്തകത്തിനെതിരെ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2007ലാണ് അവര്‍ കൊല്‍ക്കത്ത വിട്ടുപോയത്.
Content Highlight: Taslima Nasrin can travel anywhere in India, including Kolkata: Central Government