സംസ്ഥാനത്ത് ദളിത് യുവതിയെ മോഷണകുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചതായി പരാതി
തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് യുവതിയെ മോഷണ കുറ്റം ചുമത്തി പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. പേരൂര്‍ക്കട പൊലീസിനെതിരെയാണ് പരാതി. നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവാണ് പരാതി നല്‍കിയത്.
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണമാല കാണാതായതിന് പിന്നാലെ തന്നെ പ്രതിയാക്കി പൊലീസ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.
ഉടമസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തന്നെ സ്റ്റേഷനിലെത്തിച്ച് പൊലീസ് പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാന്‍ വന്നുവെന്നും ബിന്ദു പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് തന്നെ കള്ളിയാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും തനിക്ക് സഹിക്കാന്‍ പറ്റാത്ത അപമാനമാണുണ്ടായതെന്നും ബിന്ദു പറഞ്ഞു.
ഡി.ജി.പി, എസ്.സി/എസ്.ടി കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്കാണ് ബിന്ദു പരാതി നല്‍കിയിരിക്കുന്നത്. ഓമന ഡാനിയല്‍, മകള്‍ നിഷ, പേരൂര്‍ക്കട എസ്.ഐ പ്രസാദ് എന്നിവര്‍ക്കെതിരെയാണ് ബിന്ദു പരാതി നല്‍കിയിരിക്കുന്നത്.
മക്കളെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ജോലിക്ക് പോയ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ലെന്ന് പറയുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു.
അതേസമയം അപ്പോഴും മാല അവരുടെ വീട്ടില്‍ നിന്നും തന്നെ കിട്ടിയ വിവരം തന്നോട് പറഞ്ഞില്ലെന്നും മാല അവരുടെ വീട്ടിലുണ്ടായിരുന്നുവെന്ന് തന്നോട് പറഞ്ഞത് തന്റെ ഭര്‍ത്താവാണെന്നും ബിന്ദു പറഞ്ഞു.
Content Highlight: Dalit woman accused of theft and mentally harassed in the state, complaint filed