ദല്‍ഹി ഹൈക്കമ്മീഷനിലെ പാകിസ്ഥാന് ഉദ്യോഗസ്ഥന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ രണ്ട് പേര്‍ പഞ്ചാബില്‍ അറസ്റ്റില്‍
അമൃത്സര്‍: പാകിസ്ഥാന്‍ ഉദ്യോഗസ്ഥന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ രണ്ട് പേര്‍ പിടിയില്‍. ദല്‍ഹി ഹൈക്കമ്മീഷനില്‍ ജോലി ചെയ്തിരുന്ന പാകിസ്ഥാന്‍ ഉദ്യോഗസ്ഥന് വേണ്ടി സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രണ്ട് പേരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക നീക്കങ്ങള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് ചോര്‍ത്തി നല്‍കിയതിനാണ് ആദ്യത്തെയാളെ പഞ്ചാബിലെ മലേര്‍കോട്‌വാല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെയാളെ കസ്റ്റഡിയില്‍ എടുത്തത്. രഹസ്യ വിവിരങ്ങള്‍ കൈമാറുന്നതിന് പകരമായി ഇവര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം ലഭിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി.
പാകിസ്ഥാന്‍ സ്വദേശിയുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് ഫണ്ട് കൈമാറുന്നതിലും അറസ്റ്റിലായ രണ്ട് പേരും പങ്കാളികളായിട്ടുണ്ട്. രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘അതിര്‍ത്തി കടന്നുള്ള ചാരവൃത്തി ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ ഈ സംഭവം ഒരു സുപ്രധാന ചുവടുവെപ്പായി അടയാളപ്പെടുത്തുകയും ദേശീയ സുരക്ഷയോടുള്ള നമ്മുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സാമ്പത്തിക വഴി കണ്ടെത്തുന്നതിലും നെറ്റ്‌വര്‍ക്കിനുള്ളിലെ കൂടുതല്‍ പ്രവര്‍ത്തകരെയും ബന്ധങ്ങളെയും തിരിച്ചറിയുന്നതിനായും പ്രോട്ടോക്കോള്‍ അനുസരിച്ച് കൂടുതല്‍ അന്വേഷണം നടത്തും.
പഞ്ചാബ് പൊലീസ്‌രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും ആഭ്യന്തര സുരക്ഷയ്ക്കുള്ള ഭീഷണികളെ നിര്‍വീര്യമാക്കുന്നതിലും ഉറച്ചുനില്‍ക്കുന്നു,’ പഞ്ചാബ് പൊലീസ് ഡി.ജി.പി എക്‌സില്‍ കുറിച്ചു.
സമാനമായി കഴിഞ്ഞ ദിവസവും പാകിസ്ഥാന് ഇന്ത്യന്‍ സേനകളുട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പാക് പൗരന്മാര്‍ പിടിയിലായിരുന്നു. ലക്ഷേര്‍ മാസി, സൂരജ് മാസി എന്നിവരാണ് പിടിയിലായത്. ഇവര്‍ ഇന്ത്യന്‍ കരസേന, വ്യോമസേന കേന്ദ്രങ്ങളുടെ നിര്‍ണായക വിവരങ്ങള്‍പാകിസ്ഥാന് ചോര്‍ത്തി നല്‍കിയെന്ന് പൊലീസ് പറയുന്നത്.
Content Highlight: Two arrested in Punjab for spying for Pakistani official at Delhi High Commission