എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ കൈക്കൂലി ആരോപണവുമായി എം.വി.ഡി ഉദ്യോഗസ്ഥന്‍
തിരുവനന്തപുരം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി എം.വി.ഡി ഉദ്യോഗസ്ഥന്‍. വാങ്ങിക്കൂട്ടിയ കൈക്കൂലിയെ കുറിച്ച് സംസാരിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് എം.വി.ഡി ഉദ്യോഗസ്ഥന്റെ ആരോപണം.
മലപ്പുറം കോട്ടക്കലിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ദിപിന്‍ എടവന എന്ന ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കിലൂടെ എസ്. ശ്രീജിത്തിനെ വെല്ലുവിളിക്കുകയായിരുന്നു.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ചുമതല വഹിച്ചിരുന്ന കാലയളവ് മുതല്‍ക്കേ എസ്. ശ്രീജിത്ത് കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ദിപിന്റെ ആരോപണം.
തന്നെ കള്ളക്കേസില്‍ കുരുക്കാന്‍ ശ്രീജിത്തിന് കഴിയുമെന്നും അതാണല്ലോ ജീവിതചര്യയെന്നും ദിപിന്‍ പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്. ഒരു പൊതുവേദിയിലേക്ക് സംവാദത്തിനായി ക്ഷണിച്ചുകൊണ്ടാണ് ദിപിന്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ എസ്. ശ്രീജിത്ത് കൈക്കൂലി വാങ്ങിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശ്രീജിത്ത് ഉത്തരം നല്‍കട്ടേയെന്നും ദിപിന്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
അഴിമതി പുറത്തുവന്നാല്‍ എസ്. ശ്രീജിത്ത് തന്നെ ഗുണ്ടകളെ വെച്ച് കൊല്ലുമെന്നും ദിപിന്‍ എടവന പറഞ്ഞു. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രീജിത്തിന്റെ ഐ.പി.എസ് ബുദ്ധിക്ക് സാധിക്കില്ലെന്നും ദിപിന്‍ പറയുന്നു.
നിലവില്‍ എസ്. ശ്രീജിത്തിനെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ദിപിന്‍ എടവന പരാതി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിപിന്റെ പരാതിയില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
നേരത്തെ മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും എസ്. ശ്രീജിത്തിനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഉദ്യോഗസ്ഥനെ മാറ്റാന്‍ വകുപ്പുമന്ത്രി തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് എസ്. ശ്രീജിത്തിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു.
Content Highlight: MVD official alleges bribery against ADGP S. Sreejith