national news
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ മേൽവിലാസം ചോർന്നു; ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികൾ
ബെംഗളൂരു: ആൾട്ട് ന്യൂസ് സഹസ്ഥാപകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈറിന്റെ വിലാസവും ഫോൺ നമ്പറും സോഷ്യൽ മീഡിയയിൽ ചോർന്നതായി പരാതി. മേൽവിലാസവും ഫോൺ നമ്പറും ചോർന്നതിന് പിന്നാലെ അദ്ദേഹത്തിന് ഭീഷണിയുമായി നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്. ഒരു തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡ്‌ലറാണ് തന്റെ വിലാസവും ഫോൺ നമ്പറും ചോർത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
കർണാടക മുഖ്യമന്ത്രി എം. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ബെംഗളൂരു പൊലീസ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് സൈബർ ഹാൻഡ് എന്ന പേജ് സുബൈറിന്റെ വീട്ടിലേക്ക് പന്നിയിറച്ചി അയക്കുമെന്ന ഭീഷണി ഉയർത്തിയിട്ടുണ്ട്. തനിക്ക് നേരെ ഭീഷണിയുയർത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സുബൈർ അഭ്യർത്ഥിച്ചു.
‘ആളുകൾ എന്റെ വീട്ടുവിലാസവും മൊബൈൽ നമ്പറും ചോർത്തി. എന്റെ വിലാസത്തിലേക്ക് പന്നിയിറച്ചി അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ജീവന് വരെ ഭീഷണിയുണ്ട്. ഇത് ആദ്യമായല്ല ഇത്തരമൊരു സംഭവം. 2023ൽ ഇതേ വ്യക്തി എന്റെ വിലാസത്തിലേക്ക് പന്നിയിറച്ചി അയയ്ക്കുകയും ഷിപ്പിങ് വിലാസം ട്വിറ്ററിൽ പങ്കിടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണയും ഞാൻ പരാതി നൽകിയിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം എഫ്.ഐ.ആർ അവസാനിപ്പിച്ചു,’ സുബൈർ തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
സൈബർ ഹണ്ട്സിന്റെ ട്വീറ്റ് ഇപ്പോൾ അവരുടെ പേജിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം തീവ്ര ഹിന്ദുത്വ ഹാൻഡ്‌ലർമാരായ പൈസെ വാലയും ഹിന്ദുത്വ നൈറ്റും സൈബർ ഹണ്ടിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ തെറ്റായ വിവരങ്ങളെയും വ്യാജ വാർത്തകളെയും, പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവരെയും മുഹമ്മദ് സുബൈർ പലപ്പോഴായി പൊളിച്ചടുക്കിയിട്ടുണ്ട്. ഇത് മൂലം ഹിന്ദുത്വ ഗ്രൂപ്പുകൾ അദ്ദേഹത്തെ പലപ്പോഴും ലക്ഷ്യം വെക്കുന്നുണ്ട്.
ഏപ്രിൽ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ മണ്ണിൽ വിജയകരമായ ആക്രമണങ്ങൾ നടത്തിയെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദങ്ങൾ പൊളിച്ചെഴുതുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
2022 ജൂണിൽ, ‘ഹിന്ദു മതവിശ്വാസങ്ങളെ അപമാനിച്ചു’ എന്നാരോപിച്ച് 2018ലെ ട്വീറ്റിന്റെ പേരിൽ ദൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ പത്രപ്രവർത്തക സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ, രാഷ്ട്രീയ പ്രതിപക്ഷം എന്നിവരിൽ നിന്ന് വ്യാപകമായ വിമർശനം ഉയർന്നുവന്നു. സുബൈറിന്റെ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമായി അവർ വീക്ഷിച്ചു.
Content Highlight: Mohammed Zubair receives pork threat, seeks action after address leak online