16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

വീട്ടിൽ ഒരു ചാക്ക് മാവും കുറച്ച് ടിന്നുകളും മാത്രമാണ് ബാക്കിയുള്ളത്- കുഞ്ഞ് സിവാർ അഷോറിനെ ചേർത്ത് പിടിച്ച് ഫലസ്തീനി മാതാവ്

Date:



World News


വീട്ടിൽ ഒരു ചാക്ക് മാവും കുറച്ച് ടിന്നുകളും മാത്രമാണ് ബാക്കിയുള്ളത്: കുഞ്ഞ് സിവാർ അഷോറിനെ ചേർത്ത് പിടിച്ച് ഫലസ്തീനി മാതാവ്

ഗസ: ഇസ്രഈൽ ഉപരോധത്തിൽ പട്ടിണിയായ ഗസയിൽ തന്റെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ച് ആശങ്ക അറിയിക്കുകയാണ് ഫലസ്തീനി യുവതി. ലോകത്തെ ഞെട്ടിച്ച ചിത്രമാണ് ആറുമാസം പ്രായമുള്ള മെലിഞ്ഞ ഫലസ്തീൻ കുഞ്ഞിന്റെ ചിത്രം.

ബി.ബി.സിയിൽ വന്ന സിവാർ അഷോറിന്റെ ചിത്രം ഗസയിലെ പട്ടിണിയുടെ വേദനാജനകമായ പ്രതീകമായി മാറിയിരിക്കുകയാണ്. മെലിഞ്ഞ ശരീരവുമായി കാണപ്പെട്ട ആറുമാസം മാത്രം പ്രായമുള്ള സിവാറിന് ജനന സമയത്ത് 2.5 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ജനനം മുതൽ തന്നെ സിവാറിന് അന്നനാളത്തിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അത് മൂലം മുലപ്പാൽ കുടിക്കാൻ പ്രയാസമായി. ഇത് മൂലം പ്രത്യേക പാൽ ഫോർമുലയായിരുന്നു നൽകി വന്നിരുന്നത്. എന്നാൽ ഇസ്രഈൽ ഗസയിലേക്കുള്ള സഹായങ്ങൾ മരവിപ്പിച്ചതോടെ പ്രത്യേക ഫോർമുല കിട്ടാതായി.

ഗസയിലെ അൽ-നുസൈറാത്തിലെ സിവാറിന്റെ വീട് 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിന്റെ തുടക്കത്തിൽ ബോംബാക്രമണത്തിൽ തകർക്കപ്പെട്ടു. പിന്നീട് കുറച്ചുകാലം അവർ ടെന്റുകളിലാണ് താമസിച്ചിരുന്നത്. പക്ഷേ ക്യാമ്പിൽ ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. കൂടാതെ അവിടെയും ഇസ്രഈലി സൈന്യം വെടിവെപ്പ് നടത്തി.

തുടർന്ന് അവർ അൽ-നുസൈറാത്തിലേക്ക് തന്നെ തിരിച്ചുപോയി, സിവാറിന്റെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കാൻ ശ്രമിച്ചു. പക്ഷേ അതും ബോംബാക്രമണത്തിൽ തകർന്നു. ആ കെട്ടിടത്തിൽ അവശേഷിച്ചത് ഒരു മുറി മാത്രമാണ്. ആ ഒറ്റ മുറി 11 പേരുമായി പങ്കിട്ട് അവർ ജീവിച്ചു. അവിടെയാണ് സിവാർ ജനിച്ചത്.

ഗർഭകാലത്ത് തനിക്ക് വേണ്ട പോഷകങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്ന് സിവാറിന്റെ 23 കാരിയായ അമ്മ നജ്‌വ അരാം പറഞ്ഞു. കുഞ്ഞ് ജനിക്കുമ്പോൾ അവൾക്ക് 2.5 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും എന്നാൽ ക്ഷാമം കാരണം ഭാരം കുറഞ്ഞുവെന്നും നജ്‌വ പറഞ്ഞു. കഴിഞ്ഞ മാസമാണ് നജ്‌വ തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയാണെന്ന് അറിഞ്ഞത്, പക്ഷേ സഹോദരനോ സഹോദരിയോ ജനിക്കുന്നതിനുമുമ്പ് സിവാറിനെ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് നജ്‌വ ജീവിക്കുന്നത്.

കുടുംബത്തിന് വരുമാന മാർഗമൊന്നുമില്ല, അതിനാൽ ഭക്ഷണത്തിനും ചില മാനുഷിക സഹായങ്ങൾക്കുമായി ചാരിറ്റി അടുക്കളകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഗസയിൽ ഇസ്രഈൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം 70 ദിവസത്തിലേക്ക് അടുക്കുമ്പോൾ ഭക്ഷ്യ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഗസയിലെ മനുഷ്യനിർമിതവും രാഷ്ട്രീയ പ്രേരിതവുമായ പട്ടിണി തികഞ്ഞ ക്രൂരതയുടെ പ്രകടനമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ ഉൻർവയുടെ തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞിരുന്നു.

തങ്ങളുടെ വീട്ടിൽ ഒരു ചാക്ക് മാവും കുറച്ച് ടിന്നുകളും മാത്രമാണ് ബാക്കിയുള്ളതെന്ന് നജ്‌വ പറയുന്നു. ഇത് തീർന്നുകഴിഞ്ഞാൽ എന്തുചെയ്യുമെന്ന് അറിയില്ല. ഉയർന്ന വില കാരണം ഞങ്ങൾക്ക് ഒന്നും വാങ്ങാൻ കഴിയില്ല. സിവാറിന് ആവശ്യമായ പ്രത്യേക പാൽ ഫോർമുലയുടെ വിതരണം ഏകദേശം നിലച്ച മട്ടാണ്. കുഞ്ഞിന് പാൽ കൊടുക്കാനും സാധിക്കുന്നില്ല. എനിക്കും പോഷകാഹാരക്കുറവുണ്ട്. എന്നിട്ടും ഞാൻ സിവാറിന് മുലയൂട്ടാൻ ശ്രമിക്കും. പക്ഷെ അവൾ കരയുകയാണ് ചെയ്യുക. അതുകൊണ്ടാണ് എനിക്ക് ഫോർമുല പാലിനെ കൂടുതൽ ആശ്രയിക്കേണ്ടി വന്നത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല,’ നജ്‌വ പറയുന്നു.

മാർച്ചിൽ നജ്‌വയും മകളും ദേർ അൽ-ബലായിലെ ആശുപത്രിയിൽ ആയിരുന്നു. അവിടെ ഫലപ്രദമായ ഒരു പാൽ ഫോർമുല ഉണ്ടായിരുന്നു. ഇത് സിവാറിന്റെ ഭാരം 4 കിലോയായി ഉയർത്തി. എന്നാൽ അവരെ ഡിസ്ചാർജ് ചെയ്തതോടെ സിവാറിന്റെ ഭാരം വീണ്ടും കുറയാൻ തുടങ്ങി.

ഓരോ ദിവസവും അഞ്ച് മുതൽ പത്ത് വരെ പുതിയ പോഷകാഹാരക്കുറവ് കേസുകൾ അവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്ന് നാസർ മെഡിക്കൽ കോംപ്ലക്സിലെ ഡയറക്ടർ ഡോ. അഹമ്മദ് അൽ-ഫറാഹ് പറഞ്ഞു.

 

Content Highlight: A picture that shocked the world: the story behind baby Siwar Ashour




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related