യു.കെ കുടിയേറ്റം ഇനി എളുപ്പമാവില്ല; കെയര്‍ മേഖലയില്‍ സ്വദേശികള്‍ മാത്രം; പി.ആര്‍ കിട്ടാന്‍ ഇനി പത്ത് വര്‍ഷം എടുത്തേക്കും
ലണ്ടന്‍: ബ്രിട്ടന്റെ കുടിയേറ്റ നയത്തില്‍ വ്യാപക അഴിച്ചുപണി. കുടിയേറ്റം നിയന്ത്രിക്കാനാനുള്ള പുതിയ നിയമം നടപ്പിലാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ നാല് വര്‍ഷം കൊണ്ട് നെറ്റ് മൈഗ്രേഷന്‍ വലിയ തോതില്‍ കുറയുമെന്നാണ് സ്റ്റാര്‍മര്‍ അവകാശപ്പെട്ടിരിക്കുന്നത്. കേരളത്തിലടക്കമുള്ളവരെ സാരമായി ബാധിക്കുന്നതാണ് പുതിയ നിയമം.
പുതിയ നിയമപ്രകാരം വിദേശത്ത് നിന്ന് കെയര്‍ വര്‍ക്കേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിലടക്കം നിരോധനമുണ്ടാവും. കൂടാതെ സ്‌കില്‍ഡ് വര്‍ക്ക് വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തൊഴിലുടമകള്‍ക്കുള്ള ചെലവുകള്‍ വര്‍ധിപ്പിച്ച് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുമാണ് ലേബര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കുടിയേറ്റക്കാരുടെ എണ്ണം എത്രത്തോളം കുറയ്ക്കാന്‍ പറ്റുമെന്ന് കൃത്യമായ കണക്ക് സ്റ്റാര്‍മര്‍ വെച്ചിട്ടില്ലെങ്കിലും 2029 ആവുമ്പോഴേക്ക് പ്രതിവര്‍ഷം കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷത്തോളം കുറയ്ക്കാനാണ് സ്റ്റാര്‍മര്‍ ശ്രമിക്കുന്നത്. യു.കെയിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തില്‍ നിന്ന് യു.കെ വിട്ട് പോവുന്നവരുടെ എണ്ണം കുറച്ചാല്‍ കിട്ടുന്ന എണ്ണമാണ് നെറ്റ് മൈഗ്രേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സ്റ്റാര്‍മറിന് മുമ്പ് വന്ന പല സര്‍ക്കാരുകളും സമാനമായി നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2023 ജൂണില്‍ നെറ്റ് മൈഗ്രേഷന്‍ അതിന്റെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു, 9,06,000. കഴിഞ്ഞ വര്‍ഷം ഇത് 7,28,000 ആയിരുന്നു.
പുതിയ പദ്ധതിയിലൂടെ കുടിയേറ്റം പഴയ രീതിയിലേക്ക് നിയന്ത്രണ വിധേയമായ രീതിയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും രാജ്യത്തേക്ക് ആരൊക്ക വരുന്നുണ്ട് എന്ന് തങ്ങള്‍ക്ക് തീരുമാനിക്കാനാകുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. ‘കുടിയേറ്റത്തിലെ സര്‍വ മേഖലകളേയും ഉദാഹരണത്തിന് ജോലി, കുടുംബം, വിദ്യാഭ്യാസം എന്നിവയെല്ലാം നിയന്ത്രിച്ച് കാര്യങ്ങള്‍ ഞങ്ങളുടെ വരുതിയിലാക്കും. ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ കുടിയേറ്റ നിരക്ക് കുറയും,’ സ്റ്റാര്‍മര്‍ പറഞ്ഞു.
പുതിയ നിയമം നടപ്പിലാക്കണമെങ്കില്‍ തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശീയരെ റിക്രൂട്ട് ചെയ്യുകയും നിലവില്‍ രാജ്യത്തുള്ള വിദേശികള്‍ക്കുള്ള വിസ നീട്ടി നല്‍കുകയും ചെയ്യേണ്ടി വരും. ഈ നീക്കത്തിലൂടെ യു.കെയിലേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 7,000 മുതല്‍ 8,000 വരെ കുറവ് ഉണ്ടാകുമെന്നാണ് ഹോം ഓഫീസ് പറയുന്നത്.
എന്നാല്‍ കെയര്‍ മേഖലകളിലെ ജോലികളില്‍ വിദേശീയരെ വിലക്കുന്നത് ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് 32%ത്തോളം ഉയര്‍ത്തുന്നത് ചെറുകിട കമ്പനികള്‍ക്ക് യു.കെയിലേക്ക് വരുന്ന തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ 2400 പൗണ്ട് നല്‍കേണ്ടി വരും. വലിയ കമ്പനികള്‍ക്കാകട്ടെ ഇത് 6,600 വരെയാകും.
യൂണിവേഴ്‌സിറ്റികള്‍ക്കും ഉയര്‍ന്ന ചാര്‍ജ് ചുമത്തും. ഓരോ അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയേയും പ്രവേശിപ്പിക്കുന്നതിന് പുതിയ നികുതി സര്‍വകലാശാലകള്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Content Highlight: UK tightened visa rules to control immigration