നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സി.ഐ.എസ്.എഫ് എസ്.ഐ വിനയ്, കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. വാഹനത്തിന് സൈഡ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് കൊല്ലപ്പെട്ടത്. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിലെ ഷെഫായിരുന്നു ഐവിന്‍. ഇന്നലെ (ബുധന്‍) രാത്രിയോടെയാണ് സംഭവം നടന്നത്. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയായിരുന്നു.
അതേസമയം കുറച്ചധികം ദൂരം യുവാവ് കാറിന്റെ ബോണറ്റില്‍ തങ്ങിക്കിടന്നിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ബോണറ്റില്‍ നിന്ന് താഴെവീണ യുവാവിനെ റോഡിലൂടെ നിരക്കിക്കൊണ്ട് ഉദ്യോഗസ്ഥര്‍ കാര്‍ ഓടിച്ചിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നീട് ദൃക്സാക്ഷികളുടെ മൊഴികളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരി പൊലീസാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.
യുവാവിനെ സി.ഐ.എസ്.എഫുകാര്‍ മനഃപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
‘കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി തന്നെ ചെയ്ത പ്രവൃത്തിയാണിത്. ഇത്തരത്തിലുള്ള ആളുകള്‍ സി.ഐ.എസ്.എഫിലുണ്ട് എന്നത് സര്‍വീസിന് തന്നെ നാണക്കേടാണ്,’ എം.എല്‍.എ റോജി എം. ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘അറസ്റ്റിലായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ബീഹാർ സ്വദേശികളാണെന്നാണ് വിവരം. കൂടുതൽ നടപടികൾ സി.ഐ.എസ്.എഫുമായി ചേർന്ന് സ്വീകരിക്കും,’ ആലുവ റൂറൽ എസ്.പി എം. ഹേമലത മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Case of a youth being hit and killed by a car in Nedumbassery; CISF officials suspended