ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!
റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്.
ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.
‘ജില്ലാ ആസ്ഥാനത്ത് നിന്ന് 30-50 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമങ്ങൾ. എല്ലാ ഗ്രാമങ്ങളും മാവോയിസ്റ്റ് ബാധിത പ്രദേശമാണ്. വൈദ്യുതി ബന്ധം അവരുടെ ജീവിതത്തിന് പുതിയൊരു പ്രതീക്ഷ നൽകും,’ തുലിക പ്രജാപതി പറഞ്ഞു.
ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.
ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.
‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.
വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബാക്കിയ ഗ്രാമങ്ങളിൽ ഉടൻ തന്നെ വൈദ്യുതി എത്തുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികൾ. ‘ഞങ്ങളുടെ വീട്ടിൽ ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. പക്ഷേ ഞങ്ങളുടെ ഗ്രാമത്തിലെ തെരുവുകളിൽ എത്തിയിട്ടുണ്ട്. ഇതുവരെ, ഞങ്ങൾ സോളാർ വിളക്കുകളെയാണ് ആശ്രയിച്ചിരുന്നത്. പക്ഷേ രാത്രി എട്ട് മണിയോടെ അവയുടെ ചാർജ് തീരും. അതിനുശേഷം ഞങ്ങൾ ഇരുട്ടിലാണ് കഴിഞ്ഞിരുന്നത്,’ പെറ്റെമെറ്റ ഗ്രാമവാസിയായ ലേകേഷ് ഉസ്സാരെ പറഞ്ഞു.
Content Highlight: On hills and inside forests, 17 remote Maoist-affected villages in Chhattisgarh finally get electricity