സ്ലൊവാനിയയില്‍ സ്ഥാപിച്ചിരുന്ന മെലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാനില്ല; അവശേഷിക്കുന്നത് പ്രതിമയുടെ കണങ്കാല്‍ മാത്രം
ലുബ്ലിയാന: സ്ലൊവേനിയയില്‍ സ്ഥാപിച്ചിരുന്ന മെലാനിയ ട്രംപിന്റെ വെങ്കല പ്രതിമ കാണാതായതായി റിപ്പോര്‍ട്ട്. യു.എസ് പ്രഥമ വനിയും ഡൊണാള്ഡ് ട്രംപിന്റെ ഭാര്യയുമായി മെലാനിയയുടെ ജന്മനാടായ സെവ്‌നിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന വെങ്കല പ്രതിമയാണ് മോഷ്ടിക്കപ്പെട്ടത്.
സെവ്‌നിക്കയിലെ വയലില്‍ സ്ഥാപിച്ച വെങ്കല പ്രതിമ നിലവില്‍ മുറിച്ച് മാറ്റപ്പെട്ട നിലയിലാണ്. പ്രതിമയുടെ കണങ്കാല്‍ മാത്രമാണ് ഇപ്പോള്‍ പ്രതിമ സ്ഥാപിച്ച സ്തൂഭത്തില്‍ അവശേഷിക്കുന്നത്. മെയ് 13 നാണ് മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2019ലാണ് മെലാനിയയുടെ പ്രതിമ സെവ്‌നിക്കയില്‍ സ്ഥാപിക്കപ്പെട്ടത്. അന്ന് തടിയിലാണ് അത് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് അഗ്നിക്കിരയായതോടെയാണ് വെങ്കല പ്രതിമ സ്ഥാപിച്ചത്. അമേരിക്കന്‍ കലാകാരനായ ബ്രാഡ് ഡൗണിയും പ്രാദേശിക കലാകാരന്‍ അലസ് സുപെവ്‌സും ചേര്‍ന്നാണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്.
എന്നാല് ആദ്യം സ്ഥാപിച്ച മരപ്രതിമയോട് പ്രദേശവാസികളില്‍ നിന്ന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. 2017ലെ ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍വെച്ച് മെലാനിയ ധരിച്ച പൗഡര്‍ ബ്ലൂ ഡ്രസ് ധരിച്ച് ജനങ്ങളെ കൈപൊക്കി കാണിക്കുന്ന രൂപത്തിലുള്ളതായിരുന്നു പഴയ പ്രതിമ. 2020 ജൂലൈ നാലിലെ സ്വാതന്ത്ര്യദിനത്തിനിടയിലാണ് ആ പ്രതിമ നശിപ്പിക്കപ്പെട്ടത്. ഈ പ്രതിമ പ്രസിദ്ധമായതോടെ ഇതൊരു ടൂറിസ്റ്റ് മേഖലയായി മാറിയിരുന്നു.
അമേരിക്കയിലേക്ക് ചേക്കേറുന്നതിന് മുമ്പ് മെലാനിയ സെവ്‌നിക്കയിലായിരുന്നു ജീവിച്ചിരുന്നത്. മെലാനിയ ട്രംപ് യു.എസ് പ്രഥമ വനിതയായതിനുശേഷം ഈ സ്ഥലം അന്താരാഷ്ട്ര ശ്രദ്ധ നേടുകയുണ്ടായി. സെവ്‌നിക്ക മെലാനിയയെ പ്രമേയമാക്കിയ നിരവധി ഉല്‍പ്പന്നങ്ങളും പുറത്ത് ഇറക്കിയിട്ടുണ്ട്.
Content Highlight: Melania Trump’s bronze statue in Slovenia is missing; only the statue’s ankle remains