World News
ഒമ്പത് ബന്ദികളെ കൈമാറാന്‍ തയ്യാറാണെന്ന് ഹമാസ്; ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഇന്ന് മാത്രം ഗസയില്‍ കൊല്ലപ്പെട്ടത് 97 പേര്‍
ഗസ: ഗസയില്‍ ഇസ്രഈല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതി കൈവരിക്കുന്നതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഒമ്പത് ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഒമ്പത് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായി ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പകരമായി തടഞ്ഞുവെക്കപ്പെട്ട ട്രക്കുകളെ ഗസയിലേക്ക് കടന്ന് വരാന്‍ അനുവദിക്കണമെന്നും
ഇസ്രഈല്‍ തടവില്‍ വെച്ചിരിക്കുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ഹമാസ് ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാല്‍ ഈ നിര്‍ദേശങ്ങളോട് ഇസ്രഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഗസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയോ യുദ്ധം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് ഇസ്രഈല്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ദോഹയില്‍വെച്ച് നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ദിവസേന 400 സഹായ ട്രക്കുകള്‍ ഗസയിലേക്ക് അനുവദിക്കാനാണ് ഹമാസ് ആവശ്യപ്പെട്ടത്. കൂടാതെ മുനമ്പിലെ രോഗികളെ ചികിത്സയ്ക്കായി അവിടെ നിന്നും മാറ്റണമെന്നും ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18ന് ആക്രമണം പുനരാരംഭിച്ചതോടെ ഗസയിലേക്കുള്ള എല്ലാ സഹായധനങ്ങളും ഇസ്രഈല്‍ തടഞ്ഞുവെച്ചിരുന്നു.
ഇസ്രഈലിന്റെ ഉപരോധത്തെ തുടര്‍ന്ന് ഗസയിലെ 2.1 ദശലക്ഷം ജനങ്ങള്‍ ക്ഷാമത്തിലാണെന്ന് സഹായം നല്‍കുന്ന ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗസയില്‍ ധാരാളം ആളുകള്‍ പട്ടിണിയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം (വെള്ളിയാഴ്ച) പറഞ്ഞിരുന്നു. എന്നാല്‍ ഗസയില്‍ ഭക്ഷ്യക്ഷാമമുണ്ടെന്ന അവകാശവാദങ്ങള്‍ ഇസ്രഈല്‍ തള്ളി.
അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഗസയില്‍ ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. ഇന്ന് പുര്‍ച്ചെ നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 78 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 36 പേര്‍ സേഫ് സോണ്‍ എന്നറിയപ്പെടുന്ന അല്‍ മവാസിയില്‍ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കനുസരിച്ച് വ്യാഴാഴ്ച മുതലുള്ള ഇസ്രഈല്‍ ബോംബാക്രമണത്തില്‍ ഏകദേശം 300 പേര്‍ കൊല്ലപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രമണം പുനരാരംഭിച്ചതോടെ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.
ആക്രമണം വ്യാപിപ്പിക്കാന്‍ ശനിയാഴ്ച രാവിലെ ഇസ്രഈല്‍ സൈന്യം ‘ഓപ്പറേഷന്‍ ഗിഡിയോണ്‍സ് ചാരിയറ്റ്‌സ്’ എന്ന പേരില്‍ ഒരു പുതിയ ഓപ്പറേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ ഏഴ് മുതല്‍ 53,272 പലസ്തീനികള്‍ കൊല്ലപ്പെടുകയും 120,673 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ 61,700 ല്‍ കൂടുതലാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസിന്റെ കണക്ക്. ആക്രമണത്തില്‍ കാണാതായ ആയിരക്കണക്കിന് ആളുകള്‍ മരിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്.
Content Highlight: Hamas says it is ready to hand over nine hostages; 97 people were killed in Gaza today as talks began