national news
സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ നീക്കം; പ്രതിപക്ഷത്തെ അണിനിരത്തി പ്രതിരോധിക്കാന്‍ സ്റ്റാലിന്‍
ചെന്നൈ: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷസര്‍ക്കാരുകള്‍ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എട്ട് മുഖ്യമന്ത്രിമാര്‍ക്കാണ് സ്റ്റാലിന്‍ കത്തയച്ചത്. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച രാഷ്ട്രപതിയുടെ നടപടി ഒന്നിച്ച് ചെറുക്കണമെന്നാണ് എം.കെ. സ്റ്റാലിന്‍ കത്തിലൂടെ ആവശ്യപ്പെട്ടത്.
ഈ വിഷയത്തില്‍ അടിയന്തിരവും വ്യക്തിപരവുമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫെഡറലിസം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നിച്ച് നിന്നുകൊണ്ട് നിയമപരമായി പോരാടണമെന്നും വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നീക്കത്തിന് പിന്നില്‍ ബി.ജെ.പിയുടെ ദുഷ്ടലക്ഷ്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന, കേരളം, ജാര്‍ഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സ്റ്റാലിന്‍ കത്തെഴുതിയത്. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനും സ്റ്റാലിന്‍ ശ്രമം നടത്തുന്നതായാണ് വിവരം.
അതേസമയം ഭരണഘടനയില്‍ നിബന്ധനകളൊന്നുമില്ലെങ്കില്‍ എങ്ങനെയാണ്, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ചോദ്യമുയര്‍ത്തിയത്.
രാഷ്ട്രപതിയുടെ 143(1) പ്രത്യേക അധികാരപ്രകാരമായിരുന്നു സുപ്രീം കോടതി വിധിയിലുള്ള ഇടപെടല്‍. വിധിയെ മുന്‍നിര്‍ത്തി 14 ചോദ്യങ്ങളാണ് രാഷ്ട്രപതി സുപ്രീം കോടതിക്കെതിരെ ഉന്നയിച്ചത്.
ഗവര്‍ണറും പ്രസിഡന്റും ഭരണഘടനാപരമായ വിവേചനാധികാരം ഉപയോഗിക്കുന്നത് ഫെഡറലിസത്തിനും നിയമങ്ങളുടെ ഏകീകരണത്തിനും രാജ്യത്തിന്റെ സമഗ്രത, സുരക്ഷ, അധികാര വിഭജന സിദ്ധാന്തം തുടങ്ങിയവ അടിസ്ഥാനമാക്കിയുമാണെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
ഭരണഘടന പ്രകാരം രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ അധികാരങ്ങള്‍ക്ക് പകരം ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സ്വന്തം അധികാരം സുപ്രീം കോടതിക്ക് എങ്ങനെ നല്‍കാന്‍ കഴിയുമെന്നും രാഷ്ട്രപതി ചോദിച്ചിരുന്നു.
സുപ്രീം കോടതിയുടെ ‘പ്ലീനറി അധികാരം’ കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണോയെന്നും രാഷ്ട്രപതിദ്രൗപതി മുര്‍മു ചോദ്യമുയര്‍ത്തിയിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന നിയമസഭ നിര്‍മിക്കുന്ന ഒരു നിയമം പ്രാബല്യത്തില്‍ വരുന്ന നിയമമാണോ എന്നും രാഷ്ട്രപതി ചോദിച്ചിരുന്നു.
നേരത്തെ തമിഴ്നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബില്ലുമായി ബന്ധപ്പെട്ട ഹരജിയില്‍ ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും ആര്‍. മഹാദേവനും ചേര്‍ന്ന് 415 പേജുള്ള വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്ന് കേന്ദ്രവും ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഷ്ട്രപതിയുടെ ഇടപെടല്‍.
Content Highlight: MK Stalin send letters opposition governments to defend President’s move on Supreme Court