national news
11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തിയത് 151 വിദേശയാത്രകള്‍, എന്നിട്ടും പാകിസ്ഥാനെതിരായ നിലപാട് തുറന്നുകാട്ടാന്‍ ഇന്ത്യക്ക് പിന്തുണയുണ്ടായില്ല: ഖാര്‍ഗെ
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഖാര്‍ഗെ ആവര്‍ത്തിച്ചു. ഭീകരാക്രമണം ഉണ്ടായ ഏപ്രില്‍ 22 ന് മുമ്പ് കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയ പ്രധാനമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
കഴിഞ്ഞ 11 വര്‍ഷമായി പ്രധാനമന്ത്രി പതിവായി വിദേശ യാത്രകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ പാകിസ്ഥാനെതിരായ നിലപാട് തുറന്നുകാട്ടാന്‍ ഇന്ത്യക്ക് ആരില്‍ നിന്നും അന്താരാഷ്ട്ര പിന്തുണ ലഭിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖാര്‍ഗെ വിമര്‍ശനം ഉയര്‍ത്തിയത്.
PM Modi has been making frequent foreign trips for the last 11 years, but when India needed international support to expose Pakistan, no other country came forward to support us.
In the last 11 years, Prime Minister Modi has made 151 foreign trips and visited 72 countries. Out… pic.twitter.com/frtnFOLCtU
— Mallikarjun Kharge (@kharge) May 20, 2025
11 വര്‍ഷത്തിനിടെ 72 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. 151 വിദേശയാത്രകളും നടത്തി. യു.എസില്‍ മാത്രമായി പത്ത് തവണ സന്ദർശനം നടത്തി. എന്നാല്‍ മോദി സര്‍ക്കാരിന്റെ വിദേശനയത്തിന് കീഴില്‍ ഇന്ത്യ ഒറ്റയ്ക്ക് നില്‍ക്കുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് മാത്രമാണോ പ്രധാനമന്ത്രിയുടെ ജോലിയൊന്നും ഖാര്‍ഗെ പരിഹസിച്ചു.
‘ഐ.എം.എഫ് പാകിസ്ഥാന് 1.4 ബില്യണ്‍ ഡോളറിന്റെ ബെയില്‍ഔട്ട് വായ്പ നല്‍കിയിട്ടുണ്ട്. എന്നാല്‍ വായ്പ അനുവദിക്കരുതെന്ന ഇന്ത്യയുടെ നിലപാടിനെ ആരും പിന്തുണച്ചില്ല. നമ്മുടെ ധീരരായ സായുധ സേന തീവ്രവാദികള്‍ക്കെതിരെ ഓപ്പറേഷന്‍ നടത്തുന്നതിനിടെ പെട്ടെന്ന് ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ‘ഞാന്‍ ഇടനിലക്കാരനായിരുന്നു’ എന്ന് പറഞ്ഞുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നമ്മുടെ രാജ്യത്തെ അപമാനിച്ചു, കുറഞ്ഞത് ഏഴ് തവണയെങ്കിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചു,’ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
തീവ്രവാദികള്‍ക്കെതിരായ കര്‍ശന നടപടിയില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാതെ പ്രധാനമന്ത്രി ഈ വിഷയം മറച്ചുവെക്കുകയാണെന്നും ഖാര്‍ഗെ എക്സില്‍ കുറിച്ചു.
ഇതിനുപുറമെ ഇന്ന് (ചൊവ്വ) കര്‍ണാടകയിലെ വിജയനഗരയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ ഓപ്പറേഷന്‍ സിന്ദൂരിനെതിരെ ഖാര്‍ഗെ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂരിനെ ചെറിയ യുദ്ധം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഖാര്‍ഗെ സംസാരിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഖാര്‍ഗെ ആവര്‍ത്തിച്ചു. ഭീകരാക്രമണം ഉണ്ടായ ഏപ്രില്‍ 22 ന് മുമ്പ് കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയ പ്രധാനമന്ത്രിയുടെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
പഹല്‍ഗാമിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ലെന്നും അതുകൊണ്ടാണ് 26 പേരുടെ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: PM made 151 foreign trips in 11 years, yet India did not support him to openly express his stance against Pakistan: Kharge