World News
ഫലസ്തീന്‍, ഗസ, വംശഹത്യ എന്നീ പദങ്ങളോടുകൂടിയുള്ള ജീവനക്കാരുടെ ഇമെയിലുകള്‍ക്ക് സെന്‍സര്‍ഷിപ്പ്; സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്
വാഷിങ്ടണ്‍: ഫലസ്തീന്‍, ഗസ, വംശഹത്യ തുടങ്ങിയ വാക്കുകള്‍ അടങ്ങിയ ഇമെയില്‍ മൈക്രോസോഫ്റ്റ് ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. കമ്പനിക്കുള്ളിലും പുറത്തുമായി അയക്കുന്ന എല്ലാ മെയിലുകളും തടയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മൈക്രോസോഫ്റ്റിലെ ജീവനക്കാരെ ഉദ്ധരിച്ച് അനഡോലു ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. ഗസ, ഫലസ്തീന്‍, വംശഹത്യ തുടങ്ങിയ വാക്കുകള്‍ നിരോധിച്ചതായും മൈക്രോസോഫ്റ്റിന്റെ സെന്‍സര്‍ഷിപ്പ് നടപടികളില്‍ ഒന്നാണിതെന്നും ജീവനക്കാര് പറയുന്നു.
ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയില്‍ ഒളിഞ്ഞും തെളിഞ്ഞും മൈക്രോസോഫ്റ്റ് നടത്തുന്ന പങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഗ്രൂപ്പിലാണ് (നോ അസൂര്‍ ഫോര്‍ അപ്പാര്‍ത്തീഡ്) ഇമെയില്‍ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങളെത്തിയത്.
മൈക്രോസോഫ്റ്റ് ഇസ്രഈല്‍ വംശഹത്യയില്‍ പിന്തുണക്കുന്നതിനെതിരെ തൊഴിലാളികളും ആക്ടിവിസ്റ്റുകളും നിരവധി പ്രതിഷേധങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് ഇമെയില്‍ നയം കര്‍ശനമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ നടന്ന മൈക്രോസോഫ്റ്റ് ലോഞ്ചിങ് ഇവന്റിലടക്കം ഫലസ്തീന്‍ ടെക് ജീവനക്കാരന് പ്രതിഷേധിക്കുകയും സമാനമായി വീണ്ടും പ്രതിഷേധങ്ങളുയരുകയും ചെയ്തിരുന്നു.
ഫലസ്തീന്‍ തൊഴിലാളികള്‍ക്കും അവരെ അനുകൂലിക്കുന്നവര്‍ക്കുമെതിരെ വിവേചനം കാണിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതായും തൊഴിലാളികള്‍ ആരോപിച്ചു. ജോലിസ്ഥലത്തെ രാഷ്ട്രീയ വിയോജിപ്പുകളെ നിശബ്ദമാക്കാന്‍ നേതൃത്വം സെന്‍സര്‍ഷിപ്പ് നടപ്പാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മൈക്രോസോഫ്റ്റ് ഇമെയിലില്‍ സെന്‍സര്‍ഷിപ്പ് നടപടികള്‍ ആരംഭിച്ചെന്ന വിവരം മൈക്രോസോഫ്റ്റ് സ്ഥിരീകരിക്കുകയും ചെയ്തു. ജോലിയുമായി ബന്ധമില്ലാത്ത വിഷയത്തെ കുറിച്ച് ജീവനക്കാര്‍ക്ക് ഇമെയില്‍ അയക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സ്ഥാപിത ഫോറമുണ്ടെന്നും വക്താവ് വ്യക്തമാക്കി.
ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈല്‍ സൈന്യത്തിനെ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുടെ പ്രസംഗം തടസപ്പെടുത്തിയ ജീവനക്കാരനെ മൈക്രോസോഫ്റ്റ് പുറത്താക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായഅസൂര്‍ ഹാര്‍ഡ്വെയര്‍ സിസ്റ്റംസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ എന്‍ജിനീയറായ ജോ ലോപസിനെയാണ് പുറത്താക്കിയത്.
യുദ്ധത്തിനായി ഇസ്രഈല്‍ സൈന്യത്തിന് സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. എന്നാല്‍ ഗസയിലെ സാധാരണക്കാരെ നേരിട്ട് ലക്ഷ്യമിടുന്നതിനോ ഉപദ്രവിക്കുന്നതിനോ അവരുടെ അസൂറെ ക്ലൗഡ് ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് ഇതുവരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചിരുന്നു.
നേരത്തെ മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കിടയില്‍ ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍ പ്രതിഷേധിച്ച സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയാണ് ഒരു സംഘം ജീവനക്കാര്‍ ചേര്‍ന്ന് തടസപ്പെടുത്തിയത്.
ഏപ്രില്‍ 6 ന് നടന്ന ചടങ്ങില്‍ രണ്ട് മൈക്രോസോഫ്റ്റ് ജീവനക്കാരായ ഇബ്തിഹാല്‍ അബൂസാദ്, വാനിയ അഗര്‍വാള്‍ എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ പരിപാടി തടസപ്പെടുത്തുകയും കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവി മുസ്തഫ സുലൈമാനെ യുദ്ധ ലാഭക്കൊതിയനെന്ന് വിളിക്കുകയും ചെയ്തിരുന്നു. തൊട്ട് പിന്നാലെ രണ്ട് ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്.
Content Highlight: Microsoft confirms censorship of employee emails containing words like Palestine, Gaza, and genocide