World News
യു.എസ് പിന്തുണയുള്ള ഇസ്രഈലിന്റെ ഗസ സഹായപദ്ധതി രണ്ടാം നഖ്ബയുടെ തുടക്കം; മുന്നറിയിപ്പുമായി യു.എന്‍.ആര്‍.ഡബ്‌ള്യു.എ മേധാവി
വാഷിങ്ടണ്‍: ഗസ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്രഈല്‍ പദ്ധതി രണ്ടാമത്തെ നഖ്ബയുടെ തുടക്കമാണെന്ന് യു.എന്‍ ഏജന്‍സിയായ അനര്‍വ (യു.എന്‍.ആര്‍.ഡബ്‌ള്യു.എ) കമ്മീഷണര്‍ ഫിലിപ്പ് ലസാരിനിയുടെ മുന്നറിയിപ്പ്. യു.എസ് പിന്തുണയോടെയുള്ള ഇസ്രഈലിന്റെ സഹായ വിതരണ പദ്ധതിയും നഖ്ബയ്ക്ക് മുന്നോടിയായുള്ള ഒരു ഘട്ടമാണെന്നും ഫിലിപ്പ് പറഞ്ഞു.
1948ല്‍ ഫലസ്തീനികളെ കുടിയിറക്കുകയും ഫലസ്തീനികളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതുമായ ഇസ്രഈലിന്റെ നീക്കത്തെയാണ് നഖ്ബ എന്ന് പറയുന്നത്.
നഖ്ബയെ മുന്‍നിര്‍ത്തി ഗസയിലെ മനുഷ്യര്‍ പൂര്‍ണമായും പട്ടിണി കിടക്കുകയാണെന്നും നിലവില്‍ എന്‍ക്ലേവിലെത്തിയ സഹായ ട്രക്കുകള്‍ വളരെ കുറവാണെന്നും ഫിലിപ്പ് ചൂണ്ടിക്കാട്ടി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് കടലിലെ ഒരു തുള്ളിയോളം വലിപ്പം വരുന്ന ആവശ്യത്തെ കുറിച്ചാണ്. ഗസയിലെ മനുഷ്യരുടെ വിശപ്പടക്കാനും ദുരിതമകറ്റാനുമുള്ള സഹായങ്ങള്‍ ഇപ്പറഞ്ഞ ഒരു തുള്ളിയുടെ അത്രമാത്രം വലിപ്പമേയുള്ളു,’ ഫിലിപ്പ് ലസാരിനി പറഞ്ഞു.
മനുഷ്യനിര്‍മിതമായ ഒരു വിശപ്പിനെയാണ് നാം ഇപ്പോള്‍ ഗസയില്‍ നേരിടുന്നത്. പൂര്‍ണമായും കെട്ടിച്ചമച്ചത്. പട്ടിണി ഒരു യുദ്ധായുധമായി മാറിയിരിക്കുകയാണെന്നും അനര്‍വ മേധാവി പറഞ്ഞു. ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനുള്ള ഒരു ഉപകരണമാണ് സഹായപദ്ധതിയെന്നും ലസാരിനി വിമര്‍ശിച്ചു.
നേരത്തെ ഗസയില്‍ സഹായമെത്തിക്കാനുള്ള ഇസ്രഈല്‍ പദ്ധതിയെ വിമര്‍ശിച്ച് ലസാരിനി ഉള്‍പ്പെടെയുള്ള യു.എന്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.
നിലവിലുള്ള ഐക്യരാഷ്ട്രസഭാ സംവിധാനത്തെ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എന്‍ ഉദ്യോഗസ്ഥര്‍ ഇസ്രഈലിന്റെ നീക്കങ്ങളെ എതിര്‍ത്തത്.
യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഗസയില്‍ ഉണ്ടായ ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്കും എന്‍.ജി.ഒ അടക്കമുള്ള അതിന്റെ അനുബന്ധന സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം യു.എന്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയെന്നുമാണ് ലസാരിനി പ്രതികരിച്ചത്.
വെടിനിര്‍ത്തല്‍ കാലയളവില്‍ ഗസയിലേക്ക് വലിയ തോതില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഗസയിലെ തെക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹായ വിതരണ യൂണിറ്റുകളെ മുന്‍നിര്‍ത്തിയാണ് ഇത് ഇസ്രഈലിന്റെ രണ്ടാം നഖ്ബയ്ക്കുള്ള തുടക്കമാണെന്ന് ലസാരിനി പറയുന്നത്.
ഇസ്രഈലിന്റെ ഈ നീക്കം ഭക്ഷണം അടക്കമുള്ള സഹായങ്ങള്‍ വാങ്ങുന്നതിനായി ഫലസ്തീനികളെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിലൂടെ ഒരു സംഘം മനുഷ്യരെ ഒരൊറ്റ ക്ലസ്റ്ററിന് ചുറ്റും സംഘടിപ്പിക്കാന്‍ ഇസ്രഈലിന് സാധിക്കുമെന്നാണ് യു.എന്‍ മേധാവി പറയുന്നത്.
കൂടാതെ സഹായം സ്വീകരിക്കുന്നവരെ മുന്‍കൂട്ടി പരിശോധിക്കണമെന്ന ഇസ്രഈലിന്റെ തീരുമാനം മനുഷ്യത്വരഹിതമാണെന്നും ലസാരിനി പറയുന്നു.
Content Highlight: Israel’s US-backed Gaza aid plan may lead to second Nakba, UN agency chief warns