ചെറുപുഴയില്‍ എട്ടുവയസുകാരിക്ക് മര്‍ദനമേറ്റ സംഭവം; കുട്ടിക്ക് സംരക്ഷണമുറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
കണ്ണൂര്‍: ചെറുപുഴയില്‍ എട്ടുവയസുകാരിക്ക് പിതാവില്‍ നിന്നും മര്‍ദനമേറ്റ സംഭവത്തില്‍ വനിത ശിശു വികസന വകുപ്പ് ഇടപെടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വനിത ശിശുവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ അച്ഛനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മലാങ്കടവ് സ്വദേശി മാമച്ചനെതിരെയാണ് പൊലീസും ബാലാവകാശ കമ്മീഷനും കേസെടുത്തത്.
പിന്നാലെ പ്രാങ്കാണെന്നായിരുന്നു മാമച്ചന്റെ വാദം. എന്നാല്‍ കുട്ടിയെയും അമ്മയെയും മാമച്ചന്‍ നേരെത്തെയും ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി പറഞ്ഞിരുന്നു.
കുട്ടിയുടെ 12കാരനായ സഹോദരന്‍ പകര്‍ത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. മലാങ്കടവ് സ്വദേശിയായ മാമച്ചനാണ് എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ചത്.
കുട്ടിയുടെ തല ഭിത്തിയില്‍ പിടിച്ച് ഇടിക്കുന്നതിന്റേയും കത്തി വീശുന്നതിന്റേയും അടിച്ച് നിലത്തിടുന്നതിന്റേയും അസഭ്യം പറയുന്നതുമെല്ലാം വീഡിയോയിലുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഈ സംഭവം ഉണ്ടാകുന്നത്. കണ്ണൂര്‍ ചെറുപുഴയിലെ വാടകവീട്ടിലാണ്അതിക്രമം നടന്നത്. അച്ഛനും 12ഉം എട്ടും വയസുള്ള രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
Content Highlight: An eight-year-old girl was beaten up in Cherupuzha; Health Minister says that measures will be taken to protect the child.