പാക് ഷെല്ലാക്രമണം നേരിട്ട പൂഞ്ച് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: പാകിസ്ഥാന്റെ ഷെല്ലാക്രമണം നേരിട്ട പൂഞ്ച് സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി. പൂഞ്ചില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലും സ്‌കൂളുകളിലും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു.
എല്ലാം സാധാരണനിലയിലേക്കെത്തുമെന്നും സ്‌കൂളുകളിലുള്‍പ്പെടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും നന്നായി പഠിക്കണമെന്നും രാഹുല്‍ ഗാന്ധി സന്ദര്‍ശന വേളയില്‍ പറഞ്ഞു.
പൂഞ്ചിലെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ഷെല്ലാക്രമണത്തില്‍ തകര്‍ന്ന ഗുരുദ്വാര ശ്രീ ഗുരുസഭയും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് പൂഞ്ചിനെയാണെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പൂഞ്ച്, രജൗരി തുടങ്ങിയ ജില്ലകളിലെ കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. വീടുകള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കുമെല്ലാം പ്രദേശത്ത് നാശം സംഭവിച്ചിരുന്നു.
ആക്രമണത്തില്‍ പത്തിലധികം പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേറ്റതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷെല്ലാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Rahul Gandhi visits Poonch, which was shelled by Pakistan