World News
ഇന്റര്‍നെറ്റ് ലഭിച്ചതിന്‌ശേഷം പോണ്‍ അഡിക്ടായെന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖനം; അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് ആമസോണ്‍ ഗോത്രവിഭാഗം
ലോസ് ആഞ്ചലസ്: ന്യൂയോര്‍ക്ക് ടൈംസിന്റെ പരാമര്‍ശത്തിനെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്ത് ആമസോണ്‍ ഗോത്രവിഭാഗം. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞതിന് ശേഷം ആമസോണ്‍ ഗോത്രവിഭാഗക്കാര്‍ അധഃപതിച്ചുവെന്നും പോണ്‍ വീഡിയോകള്‍ക്ക് അഡിക്റ്റായിയെന്നുമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചലസ് കോടതിയില്‍ മരുബോ കമ്മ്യൂണിറ്റി പരാതി നല്‍കിയത്. മാനനഷ്ടത്തിനും അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കുമാണ് കേസെടുത്തിരിക്കുന്നത്.
ഇന്റര്‍നെറ്റ് ആക്‌സസ് ലഭിച്ചതിന് ശേഷം തദ്ദേശീയ സമൂഹം പോണ്‍ ആസക്തിയിലേക്കും മറ്റ് സാമൂഹിക പ്രശ്‌നങ്ങളിലേക്കും നീങ്ങുന്നുവെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ്, ടി.എം.സെഡ്, യാഹൂ തുടങ്ങിയവ ആരോപിച്ചതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തത്.
2024ല്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തില്‍ ഗോത്ര വിഭാഗത്തിലുള്‍പ്പെട്ട കൗമാരക്കാര്‍ ഫോണുകളില്‍ അഡിക്റ്റഡാണെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ അശ്ലീല വീഡിയോകള്‍ കാണുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ യാഹൂ ന്യൂസും ടി.എം.സെഡും ഇത് പുനപ്രസിദ്ധീകരിക്കുകയും ഗ്രോതവിഭാഗങ്ങള്‍ക്കിടയില്‍ പോണ്‍ വീഡിയോകളുടെ ആസക്തിയുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതിനെതിരെയാണ് ഗോത്രവിഭാഗക്കാര്‍ കേസ് നല്‍കിയിരിക്കുന്നത്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും സ്ഥലത്ത് താമസിച്ചാണ് ലേഖനം തയ്യാറാക്കിയതെന്നും ഒരാഴ്ച സമയം കൂടെ താമസിക്കാന്‍ നല്‍കിയിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ പോവുകയായിരുന്നുവെന്നും കമ്മ്യൂണിറ്റി പറയുന്നു.
സമൂഹത്തെ മനസിലാക്കാനോ നിരീക്ഷിക്കാനോ ഇടപഴകാനോ ആവശ്യമായ സമയം ഉണ്ടായിരുന്നില്ലെന്നും തെറ്റായ വിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ പറയുന്നു.
അപകീര്‍ത്തിപ്പെടുത്തലില്‍ 100 മില്യണ്‍ ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരം ഉള്‍പ്പെടെ 180 മില്യണ്‍ ഡോളര്‍ നഷ്ട
പരിഹാരം നല്‍കണമെന്നാണ് മരുബോ ജനത ആവശ്യപ്പെടുന്നത്.
ഇന്റര്‍നെറ്റിലേക്കുള്ള അടിസ്ഥാന സമ്പര്‍ക്കം പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു സമൂഹമായി ന്യൂയോര്‍ക്ക് ടൈംസ് മരുബോ ജനതയെ ചിത്രീകരിച്ചുവെന്നും ഇന്റര്‍നെറ്റ് ലഭിച്ചയുടനെ യുവാക്കള്‍ അശ്ലീല വീഡിയോകളില്‍ മുഴുകിയെന്ന ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയെന്നും പരാതിയില്‍ പറയുന്നു.
കമ്മ്യൂണിറ്റി നേതാവ് എനോക്ക് മരുബോയും ബ്രസീലിയന്‍ ആക്ടിവിസ്റ്റ് ഫ്‌ളോറ ഡുട്രയുമാണ് ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത്. 2022ലാണ് ഇരുപത് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആന്റിനകള്‍ ഗോത്രത്തിന് സംഭാവന ചെയ്തത്. ഇത് ആമസോണ്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് ആശയവിനിമയം സാധ്യമാക്കാനും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്രദമാക്കാനും സാധിച്ചിരുന്നു.
Content Highlight: Amazon tribe files defamation lawsuit over New York Times article calling him a porn addict after getting the internet