national news
നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് പോകവെ പൊലീസ് തടഞ്ഞു; ബൈക്കില്‍ നിന്ന് വീണ കുട്ടിയുടെ മേല്‍ ലോറി കയറി കര്‍ണാടകയില്‍ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ അപകടത്തില്‍പ്പെട്ട് കര്‍ണാടകയില്‍ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാക മാണ്ഡ്യ സ്വദേശിയായ റിതീക്ഷയാണ് പൊലീസിന്റെ അനാസ്ഥയെത്തുടര്‍ന്ന് മരണപ്പെട്ടത്. നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് റിതീക്ഷയുടെ കുടുംബം സഞ്ചരിച്ച ബൈക്ക് പൊലീസ് തടഞ്ഞത്.
ഹെല്‍മറ്റ് ധരിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസിന്റെ നടപടി. ഏറെ നേരം പിടിച്ച് വെച്ച കുടുംബത്തെ പൊലീസ് വിട്ടയക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം ബൈക്കിന്റെ സമീപത്തിലൂടെ കടന്ന് പോയി. ഇതിനിടെ ബൈക്കില്‍ നിന്ന് തെറിച്ച് വീണ കുഞ്ഞിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ കുഞ്ഞ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കുഞ്ഞിനെ വൈദ്യചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും പൊലീസിനോട് കുഞ്ഞിന് സുഖമില്ല സാര്‍ തങ്ങളെ വിടണമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ലെന്ന് കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു. ഒരു പൊലീസുകാരന്‍ തന്റെ കൈയില്‍ പിടിച്ചു വലിച്ചതായും അതിനിടെ അവര്‍ സഞ്ചരിച്ച് ബൈക്ക് വലതുവശത്തേക്ക് തെന്നി വീണതായും അമ്മ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ ജനരോഷം ശക്തമായി. പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണ വിധേയരായ മൂന്ന് എ.എസ്.ഐമാരെ മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്ദണ്ടി സസ്‌പെന്‍ഡ് ചെയ്തു.
‘വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവര്‍ അശ്രദ്ധ കാണിച്ചതായും നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും മനസിലായി. അതിനാല്‍ ഞാന്‍ അവരെ ഉടനടി സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്യും,’ ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു.
കുട്ടിയുടെ മരണത്തിന് പിന്നാലെ മൃതദേഹവുമായി മാതാപിതാക്കളും നാട്ടുകാരും പൊലീസുകാര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതിന് പിന്നാലെയാണ് അവര്‍ പിന്മാറിയത്.
Content Highlight: Three year old on way to hospital falls off motorcycle when police stops motorbike for fine, dies after lorry hit