ലിവര്‍പൂളില്‍ വിജയാഘോഷത്തിനിടെ കാര്‍ ആളുകള്‍ക്കിടയില്‍ ഇടിച്ചുകയറി; 27 പേര്‍ ആശുപത്രിയില്‍
ലിവര്‍പൂള്‍: ലിവര്‍പൂളില്‍ വിജയാഘോഷങ്ങള്‍ക്കിടെ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി 27 പേര്‍ ആശുപത്രിയില്‍. കാര്‍ ഇടിച്ച് പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ലീവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് സോക്കര്‍ കിരീടം ആഘോഷിക്കുന്നതിനിടെയാണ് കാര്‍ ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്നാണ് പൊലീസ് നിഗമനം. വാഹനത്തിന്റെ ഡ്രൈവറാണെന്ന് കരുതുന്ന ലിവര്‍പൂള്‍ സ്വദേശിയായ 53 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ കാര്യമായ പരിക്കുകളുളള 27 പേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരിക്കേറ്റ 27 പേരില്‍ നാല് പേര്‍ കുട്ടികളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു കുട്ടിയും പ്രായമായ ആളുമാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതെന്നുമാണ് വിവരം.
നാല് പേര്‍ വാഹനത്തിനടിയില്‍ കുടുങ്ങിയതായും വിവരമുണ്ട്. കാര്‍ ഇടിച്ച് കയറി ആളുകള്‍ തെറിച്ചുവീഴുകയായിരുന്നു. സമീപത്ത് തന്നെയുണ്ടായിരുന്ന പൊലീസുകാരും ആരാധകരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഒറ്റപ്പെട്ട സംഭവമായാണ് വിശ്വസിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരെയും നിലവില്‍ അന്വേഷിക്കുന്നില്ലെന്നും മറ്റാരും തന്നെ പിന്നിലില്ലെന്നുമാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
സ്പ്രിംഗ് ബാങ്ക് ഹോളിഡേ അവധി ദിവസത്തില്‍ പ്രീമിയര്‍ ലീഗ് ട്രോഫിയുമായി ലിവര്‍പൂള്‍ ടീമും അവരുടെ ജീവനക്കാരും തുറന്ന ടോപ്പ് ബസില്‍ നഗരമധ്യത്തിലൂടെ യാത്ര ചെയ്യുന്നത് കാണാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
Content Highlight: Car plows into crowd during Liverpool victory celebration; 27 hospitalized