ജാഗ്രതക്കുറവുണ്ടായി; ഇന്നയാള്‍ അഭിനയിച്ച സിനിമയെ പിന്തുണച്ചില്ലേ എന്ന് പറയാനുള്ള അവകാശം സമൂഹത്തിനുണ്ട്: എം.എ. ബേബി
തിരുവനന്തപുരം: ദിലീപ് നായകനായെത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പ്രശംസിച്ചതില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായതായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇത് കലാപരമായി വലിയ ഔന്നിത്യമുള്ള സിനിമയല്ല, എന്നാല്‍ ബോര്‍ സിനിമയുമല്ല എന്നാണ് താന്‍ അന്ന് പറഞ്ഞത്. അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും സംവിധായകനെക്കുറിച്ചും മാത്രമാണ് പ്രതികരിച്ചതെന്നും എന്നിരുന്നാലും ഇപ്പോഴുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആ സിനിമയെ അംഗീകരിച്ച് സംസാരിച്ചതിനാല്‍ പ്രസ്തുത വ്യക്തി അഭിനയിച്ച സിനിമയെ നിങ്ങള്‍ പിന്തുണച്ചില്ലേ എന്ന് പറയാനുള്ള അവകാശം സമൂഹത്തിനുണ്ടെന്നും ആ വിമര്‍ശനത്തെ താന്‍ അഭിമുഖീകരിക്കുകയാണെന്നും എം.എ. ബേബി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ താന്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സി.പി.ഐ.എമ്മില്‍ എനിക്ക് അര്‍ഹതപ്പെട്ടതാണോ എന്നറിയാത്ത ഒരു ചുമതലയിലാണ്. അപ്പോള്‍ ഞാന്‍ ഓരോ കാര്യം പറയുമ്പോഴും ശ്രദ്ധിക്കണം. ഏത് സിനിമ കാണാന്‍ പോണം. ഏത് സിനിമയെപ്പറ്റി അഭിപ്രായം പറയണം എന്ന കാര്യമെല്ലാം ഞാന്‍ ശ്രദ്ധിക്കണം. അതില്‍ ചെറിയൊരു ശ്രദ്ധക്കുറവുണ്ടായതായി ഞാന്‍ സമ്മതിക്കുകയാണ്.
ഈ സിനിമയുടെ സംവിധായകന്‍ എനിക്ക് ആവര്‍ത്തിച്ച് ഈ സിനിമ കാണണമെന്ന് പറഞ്ഞ് മെസേജയച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ദല്‍ഹിയില്‍ ആണ് ഇപ്പോള്‍ സിനിമ കാണാന്‍ പറ്റില്ല എന്ന്. എന്നാല്‍ ദല്‍ഹിയില്‍ സിനിമ ഉണ്ട് എന്ന് പറഞ്ഞിട്ടാണ് സത്യം തീയറ്ററില്‍ കാണാന്‍ പോയത്. അപ്പോഴാണ് ഒരു കൂട്ടര്‍ വന്നിട്ട് പ്രതികരണം ചോദിച്ചത്,’ എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസവും തന്റെ പ്രതികരണം തന്നേയും പാര്‍ട്ടിയേയും സ്നേഹിക്കുന്നവരെ പ്രയാസപ്പെടുത്തിയതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പ്രകീര്‍ത്തിച്ച് എം.എ. ബേബി സംസാരിച്ചത്.
സാധാരണ ഇറങ്ങുന്ന സിനിമകളില്‍നിന്ന് വ്യത്യസ്തമായി കുടുംബസമേതം കാണാന്‍ പറ്റിയ സിനിമയാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യെന്നും സാമൂഹികമായി വളരെ പ്രസക്തമായ സന്ദേശമാണ് ഈ സിനിമയുടെ ഉള്ളടക്കമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ എം.എ. ബേബിയുടെ പരാമര്‍ശം ഇടത് ഹാന്‍ഡിലുകളില്‍ നിന്നടക്കം വലിയ വിമര്‍ശനത്തിനിടയാക്കി.
തുടര്‍ന്ന് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് താന്‍ അഭിപ്രായം പങ്കുവെച്ചതെന്നും അതിനാല്‍ സിനിമയില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: There was a lack of vigilance; says M.A. Baby on his response about Prince and family movie