World News
ഹാര്‍വാര്‍ഡിനായുള്ള മുഴുവന്‍ ധനസഹായവും നിര്‍ത്തിവെക്കാന്‍ ട്രംപ് പദ്ധതിയിടുന്നു; റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അനുവദിച്ചിരിക്കുന്ന മുഴുവന്‍ ധനസഹായവും നിര്‍ത്തിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ധനസഹായമാണ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ വെണ്ടര്‍മാരെ തേടണമെന്നും സര്‍ക്കാര്‍ ഏജന്‍സികളുമായി തുടരുന്ന കരാറുകള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ സേവന വിഭാഗത്തിന്റെ മേധാവി യൂണിവേഴ്‌സിറ്റിയ്ക്ക് കത്തയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ആറിനുള്ളില്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മറുപടി കത്ത് അയക്കണമെന്നും നിര്‍ദേശമുണ്ട്.
‘ദേശീയ താത്പര്യങ്ങള്‍ക്ക് അനുസൃതമായും വിവേചനരഹിതമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായാണ് ഫെഡറല്‍ ഏജന്‍സികള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് സര്‍ക്കാരിന് ഉറപ്പുവരുത്തേണ്ടതുണ്ട്,’ ഫെഡറല്‍ അക്വിസിഷന്‍ സര്‍വീസസ് കമ്മീഷണര്‍ ജോഷ് ഗ്രുന്‍ബോം ഒപ്പിട്ട കത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാപ്പി കുടിക്കുന്നതിന്റെ ആഘാതം അന്വേഷിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ഒപ്പിട്ട 49,858 ഡോളറിന്റെ കരാറും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് പരിശീലനത്തിനായുള്ള 25,800 ഡോളറിന്റെ കരാറും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
നിലവില്‍ ഏതാനും ഫെഡറല്‍ ഏജന്‍സികള്‍ കരാറുകള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.
കൂടാതെ പ്രവേശന നടപടികളില്‍ ഉള്‍പ്പെടെ ഹാര്‍വാര്‍ഡ് വംശീയതയെ ആയുധമാക്കുന്നുവെന്നും ഗ്രുന്‍ബോം ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന ക്രമങ്ങളില്‍ വംശീയതയെ തടഞ്ഞുകൊണ്ടുള്ള 2023ലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഗ്രുന്‍ബോമിന്റെ ആരോപണം.
ഒരു ജൂത വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മാര്‍ഷലായി തെരഞ്ഞെടുത്ത ഹാര്‍വാര്‍ഡ് ഡിവിനിറ്റി സ്‌കൂളിന്റെ നടപടിയും അതെ കേസില്‍ കുറ്റാരോപിതനായ മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് ഹാര്‍വാര്‍ഡ് ലോ റിവ്യൂ $65,000 ഫെലോഷിപ്പ് നല്‍കിയതും ജോഷ് ഗ്രുന്‍ബോം കത്തില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഹാര്‍വാര്‍ഡിനായുള്ള ധനസഹായത്തില്‍ നിന്ന് മൂന്ന് ബില്യണോളം വരുന്ന ഗ്രാന്റുകള്‍ യു.എസ് വെട്ടിക്കുറച്ചിട്ടുണ്ട്. ആരോഗ്യ ഗവേഷണത്തിനായി നല്‍കിവരുന്ന ധനസഹായം ഉള്‍പ്പെടെയാണ് വെട്ടിക്കുറച്ചത്.
നേരത്തെ ഒറ്റയടിക്ക് രണ്ട് ബില്യണ്‍ ഡോളര്‍ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ ട്രംപിനെതിരെ സര്‍വകലാശാല കേസ് ഫയല്‍ ചെയ്തിരുന്നു.
തുടര്‍ന്ന് സര്‍വകലാശാല മാപ്പ് പറഞ്ഞില്ലെങ്കില്‍ കാലങ്ങളായി ഉണ്ടായിരുന്ന നികുതിയില്ലാ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി പിരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ക്യമ്പസില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രകോപിതനായിക്കൊണ്ടായിരുന്നു ട്രംപിന്റെ നടപടികള്‍.
Content Highlight: Trump plans to halt all funding for Harvard: Report