വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിര്‍ത്തലാക്കുന്ന നടപടി; മറുപടി നല്‍കാന്‍ ഹാര്‍വാര്‍ഡിന് 30 ദിവസം സമയം നല്‍കി ട്രംപ്
വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമനുവദിക്കുന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ അധികാരം ഉടനടി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ മറുപടി നല്‍കാന്‍ 30 ദിവസം സമയമനുവദിച്ച് ട്രംപ്. തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പദവി ഉടനടി റദ്ദാക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കക്ക് പുറത്തുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഫെഡറല്‍ പ്രോഗ്രാമിന് കീഴിലുള്ള സ്‌കൂളിന്റെ സര്‍ട്ടിഫിക്കേഷന്‍ പിന്‍വലിക്കാന്‍ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ബുധനാഴ്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നേരത്തെ ഒരു നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമയം നല്‍കുമെന്ന വിവരം.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അനുവദിച്ചിരിക്കുന്ന മുഴുവന്‍ ധനസഹായവും നിര്‍ത്തിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ധനസഹായമാണ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ വെണ്ടര്‍മാരെ തേടണമെന്നും സര്‍ക്കാര്‍ ഏജന്‍സികളുമായി തുടരുന്ന കരാറുകള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ സേവന വിഭാഗത്തിന്റെ മേധാവി യൂണിവേഴ്സിറ്റിയ്ക്ക് കത്തയച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജൂണ്‍ ആറിനുള്ളില്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മറുപടി കത്ത് അയക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നിലവില്‍ ഹാര്‍വാര്‍ഡിനായുള്ള ധനസഹായത്തില്‍ നിന്ന് മൂന്ന് ബില്യണോളം വരുന്ന ഗ്രാന്റുകള്‍ യു.എസ് വെട്ടിക്കുറച്ചിട്ടുണ്ട്. ആരോഗ്യ ഗവേഷണത്തിനായി നല്‍കിവരുന്ന ധനസഹായം ഉള്‍പ്പെടെയാണ് വെട്ടിക്കുറച്ചത്. നേരത്തെ ഒറ്റയടിക്ക് രണ്ട് ബില്യണ്‍ ഡോളര്‍ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ ട്രംപിനെതിരെ സര്‍വകലാശാല കേസ് ഫയല്‍ ചെയ്തിരുന്നു.
തുടര്‍ന്ന് സര്‍വകലാശാല മാപ്പ് പറഞ്ഞില്ലെങ്കില്‍ കാലങ്ങളായി ഉണ്ടായിരുന്ന നികുതിയില്ലാ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി പിരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ക്യമ്പസില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രകോപിതനായിക്കൊണ്ടായിരുന്നു ട്രംപിന്റെ നടപടികള്‍.
Content Highlight: Trump gives Harvard 30 days to respond to decision to suspend admissions to foreign students