വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് കുടിശ്ശിക തീരുന്നതുവരെ വിസിയുടെയും രജിസ്ട്രാറിന്റെയും ശമ്പളം നല്‍കരുത്; കാലടി സര്‍വകലാശാലയോട് ഹൈക്കോടതി
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കിയില്ലെങ്കില്‍ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറുടെയും രജിസ്ട്രാറിന്റെയും ശമ്പളം തടഞ്ഞ് വെക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് കുടിശ്ശിക തീരുന്നതുവരെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെയും രജിസ്ട്രാറിന്റെയും ശമ്പളം നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അഡ്മിഷന്‍ നേടി ഒരു വര്‍ഷത്തില്‍ അധികമായിട്ടും ഫെലോഷിപ്പ് ലഭിക്കാതിരുന്നതിന്റെ ഭാഗമായി ഗവേഷകന്‍ ദിശ മുഖേന ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഉത്തരവ്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പതിവായി ശമ്പളം നല്‍കുമ്പോള് ഹരജിക്കാരന്റെ ഫെല്ലോഷിപ്പ് നല്‍കാതിരിക്കുന്നതിന് ഒരു കാരണവുമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.
ഒരു മാസത്തിനുള്ളില്‍ ഫെല്ലോഷിപ്പ് കുടിശ്ശിക അടച്ചുതീര്‍ക്കാനും കോടതി സര്‍വകലാശാലയോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് 2,62,56,000 രൂപ അനുവദിച്ചിട്ടുണ്ടല്ലോയെന്നും അതിനാല്‍ സാമ്പത്തിക പ്രതിസന്ധി ന്യായീകരിക്കാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.
പി.എച്ച്.ഡി ഫെല്ലോഷിപ്പ് തുക അനുവദിച്ചിട്ടും സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അപേക്ഷകന് ഫെല്ലോഷിപ്പ് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സര്‍വകലാശാല അറിയിച്ചത്.
Content Highlight: High Court tells Kalady University not to pay VC and Registrar’s salaries until students’ fellowship dues are settled